ട്രിബ്യൂണല്‍ ബില്ല് പാസാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട് - കേരളം

Sunday 9 October 2011 5:23 pm IST

തിരുവനന്തപുരം: പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണ കത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി തയാറാക്കി. ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള ബില്ല് പാസാക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടെന്നും ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നത് തടയാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തന്നെയാണെന്നും മറുപടിയില്‍ പറയുന്നു. ജല മലിനീകരണം നടത്തിയ കോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനായി ട്രിബ്യൂണല്‍ രൂപീകരിച്ച സംസ്ഥാനത്തിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കേന്ദ്രം വിശദീകരണം തേടിയത്. അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ 2010ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഗ്രീന്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്നതാണ് പ്രസ്തുത വിഷയം. അതിനാല്‍ ഇത്തരമൊരു ബില്ല് പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് കേന്ദ്രത്തിന്റെ ഒരു വാദം. ജലമലിനീകരണം തടയാനുള്ള അധികാരം 1968ല്‍ നിയമസഭ പ്രത്യേക പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് കൈമാറിയെന്നാണ് രണ്ടാമത്തെ വാദം. ഈ രണ്ട് വാദങ്ങള്‍ക്കുമാണ് സംസ്ഥാന നിയമവകുപ്പ് മറുപടി തയാറാക്കിയിരിക്കുന്നത്. 2005 മുതലുള്ള കാര്യങ്ങളാണ് ഗ്രീന്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്നത്. കോള കമ്പനിയുടെ ജല ചൂഷണവും അതുണ്ടാക്കുന്ന പ്രശ്നവും 2005ന് മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തതാണെന്നാണ് സംസ്ഥാനം മറുപടിയില്‍ പറയുന്നു. നദികള്‍, പുഴകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ മലിനീകരണം തടയാനുള്ള അധികാരമാണ് 68ല്‍ കേന്ദ്രത്തിന് കൈമാറിയത്. ഇതില്‍ ഭൂഗര്‍ഭ ജലം സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടില്ല. ഭൂഗര്‍ഭജല മലിനീകരണം തടയാനുള്ള നടപടി എടുക്കാന്‍ ഇപ്പോഴും അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നും മറുപടിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.