കോണ്‍ഗ്രസിന് രാജ്യത്ത് അടിതെറ്റുന്നു

Wednesday 22 October 2014 10:45 pm IST

കൊച്ചി: പതിറ്റാണ്ടുകളോളം എതിരില്ലാ ശക്തികളായി രാജ്യം അടക്കിവാണ കോണ്‍ഗ്രസിന് അടിതെറ്റാന്‍ തുടങ്ങി. കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ അഗ്‌നിപരീക്ഷ അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു. എന്നാല്‍ അന്നും ഇത്ര വലിയ തിരിച്ചടി ഉണ്ടായിട്ടില്ല. എല്ലാ വെല്ലുവിൡകളെയും നേരിടത്തക്ക വിധത്തിലുള്ള ബഹുജനാടിത്തറയുള്ള നേതാക്കള്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുമുണ്ടായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി. തെരഞ്ഞെടുപ്പിനെപ്പോലും നേരിടാന്‍ ധൈര്യമില്ലാത്ത നേതാക്കളാണിന്ന്. സംസ്ഥാനങ്ങളിലാകട്ടെ ജനകീയാംഗീകാരമുള്ള നേതാക്കളും ഇല്ല. അവരെല്ലാം അതത് സംസ്ഥാനങ്ങളില്‍ പാര്‍ട്ടികള്‍ രൂപീകരിച്ച് അധീശത്വം സ്ഥാപിച്ച് കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കോണ്‍ഗ്രസ് അവര്‍ക്ക് കീഴില്‍ ഒതുങ്ങുന്ന സ്ഥിതിയുമാണ്. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിലും ഹരിയാനയിലും ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി 15 വര്‍ഷം അധികാരത്തിലിരുന്ന മഹാരാഷ്ട്രയും പത്തുവര്‍ഷം ഭരിച്ച ഹരിയാനയും കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ അതിനെ ഭരണവിരുദ്ധ വികാരമെന്ന നിലയില്‍ മാത്രം കാണരുത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമായിരുന്നില്ല. ചില സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടത്ര നേട്ടം ഉണ്ടാകാതിരുന്നപ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറയുവാന്‍ മത്‌സരമായിരുന്നു. ഇരുസംസ്ഥാനങ്ങളിലും ഭരണം നിലനിര്‍ത്തുമെന്ന് താഴെത്തട്ടുമുതല്‍ ഹൈക്കമാന്‍ഡ് വരെയുള്ള നേതാക്കളും അവകാശവാദം ഉന്നയിച്ചിട്ടില്ല. അതിനാലാണ് ഇരുസംസ്ഥാനങ്ങളിലും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രചാരണത്തിന് മുന്‍ഗണന നല്‍കാതിരുന്നത്. ഇരുവരും ആകെ പത്ത് റാലികളില്‍ മാത്രമാണ് പങ്കെടുത്തത്. അതില്‍ത്തന്നെ പങ്കാളികളായവരുടെ എണ്ണവും കുറവായിരുന്നു. ഒരു കാര്യം ചിന്തിക്കേണ്ടത് മഹാരാഷ്ട്രയുടെ രൂപീകരണം മുതല്‍ ഇടക്കാലത്ത് അഞ്ചുവര്‍ഷം ഒഴിച്ചാല്‍ കോണ്‍ഗ്രസ് അവിടെ ഭരണത്തിലായിരുന്നു. ഹരിയാനയിലാകട്ടെ ദേവിലാലും ചൗത്താലയും ഒഴികെയുള്ള കാലഘട്ടത്തിലും കോണ്‍ഗ്രസ് തന്നെയായിരുന്നു ഭരണത്തില്‍. ഈ സംസ്ഥാനങ്ങളില്‍ തോല്‍വിയേക്കാള്‍ പ്രധാനം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടുവെന്നതാണ്. മഹാരാഷ്ട്രയിലാകട്ടെ എന്‍സിപിയേക്കാള്‍ ഒരു സീറ്റ് മാത്രമാണ് കൂടുതല്‍. രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണത്തിലിരുന്ന സംസ്ഥാനങ്ങളെല്ലാം കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണം അഴിമതിെയന്ന വില്ലന്‍തന്നെയാണ്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ദല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍തന്നെയാണ് ഭരണം തെറിപ്പിച്ചത്. അതുതന്നെയാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും ആവര്‍ത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പത്ത് സംസ്ഥാനങ്ങളില്‍ ഭരണത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയും ഭരിക്കുന്നത് പത്ത് സംസ്ഥാനങ്ങള്‍തന്നെയാണ്. എന്നാല്‍ രസകരമായ വസ്തുത കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്നറിയുമ്പോഴാണ്. പ്രബല സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബംഗാള്‍, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍ ഇനി അത്രപെട്ടെന്നൊന്നും തിരിച്ചുവരാനാകുമെന്ന് നേതാക്കള്‍ സ്വപ്‌നത്തില്‍പ്പോലും കരുതുന്നില്ല. ഒമ്പത് സംസ്ഥാനങ്ങൡ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണെങ്കിലും കര്‍ണാടക, ആസാം, കേരളം എന്നിവ മാറ്റിനിര്‍ത്തിയാല്‍ ആകെയുള്ള ലോക്‌സഭാ മണ്ഡലങ്ങള്‍ 15 എണ്ണം മാത്രം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആസാമിലും കര്‍ണാടകതത്തിലും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കേരളത്തിലാണെങ്കില്‍ എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടിയെങ്കിലും 2009 ലെ സീറ്റ് നിലനിര്‍ത്താനായില്ല. അതായത് രണ്ടക്ക സീറ്റ് രാജ്യത്ത് ഒരിടത്തും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 2016 ല്‍ കേരളത്തിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ചിത്രം പൂര്‍ണമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കഷ്ടിച്ചാണ് കടന്നുകൂടിയത്. 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന ലക്ഷ്യവുമായി ബിജെപി മുന്നോട്ടുകുതിക്കുകയാണ്. ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ്, ദല്‍ഹി സംസ്ഥാനങ്ങളാണ് അടുത്ത ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.