കൊല്ലം: നാലാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവം ലോക്സഭാസ്പീക്കര്‍ സുമിത്രാമഹാജന് ഉദ്ഘാടനം ചെയ്യും. നവംബര്‍ ഒന്നിന് അഷ്ടമുടിക്കായലില്‍ നടക്കുന്ന ജലോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ കേന്ദ്രടൂറിസം മന്ത്രി ശ്രീപദ്നായിക് മുഖ്യാതിഥിയാകും. അഷ്ടമുടിക്കായല്‍ പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കി കേന്ദ്രമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് എംപി എന്‍.കെ.പ്രേമചന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രസിഡന്റ് ട്രോഫി ജലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. പതിനാറ് ചുണ്ടന്‍വള്ളങ്ങളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ആറ് വെപ്പ് എ ഗ്രേഡ് വള്ളങ്ങളും നാല് ബി ഗ്രേഡ് വള്ളങ്ങളും ഇരുട്ടുകുത്തി എ വിഭാഗത്തില്‍ അഞ്ചും ബി വിഭാഗത്തില്‍ ആറും അടക്കം 44 വള്ളങ്ങള്‍ ജലോത്സവത്തില്‍ അണിനിരക്കും.
ജലോത്സവത്തിനു മുന്നോടിയായി 26 മുതല്‍ 31 വരെ കലാപരിപാടികള്‍ നടക്കും. 30ന് കരുനാഗപ്പള്ളി, പുനലൂര്‍, പാരിപ്പള്ളി മേഖലകളില്‍ നിന്നുള്ള ദീപശിഖായാത്രകള് അഷ്ടമുടിക്കായല്‍ തീരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്കാരികസമ്മേളനത്തില്‍ പ്രൊഫ.വി. മധുസൂദനന്‍നായര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 27, 28 തീയതികളില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന കായികമത്സരങ്ങള്‍ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ എംഎല്‍എമാരായ പി.കെ. ഗുരുദാസന്, എ.എ. അസീസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്, ബിഎംഎസ് ജില്ലാ സെക്രട്ടറി ടി. രാജേന്ദ്രന്‍പിള്ള, അഡ്വ.ജി. ലാലു, കെ. കരുണാകരന്‍പിള്ള, എ. യൂനുസ്കുഞ്ഞ്, കെ. രാമഭദ്രന് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: