വ്യക്തിയും പ്രപഞ്ചവും

Sunday 9 October 2011 7:16 pm IST

അനന്തബോധത്തെക്കുറിച്ച്‌ നേരിയ ഒരറിവെങ്കിലുമില്ലാതെ വ്യക്തിബോധം എന്തെന്നറിയാന്‍ സാദ്ധ്യമല്ലെന്ന്‌ ചിന്താമണ്ഡലത്തിലെ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നു എന്ന്‌ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തര്‍ക്കശാസ്ത്രം അവശ്യംഭാവിയായി കാണുന്ന ഇക്കാര്യം ശ്രീരാമകൃഷ്ണന്റെ മഹാശിഷ്യന്മാരില്‍ ഒരു സുനിയതാനുഭവമായി ഞങ്ങള്‍ കണ്ടു. അവരുടെ വ്യക്തിബോധം പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ബോധത്തിന്റെ ഒരു ഭാഗികപ്രകാശനമായിരുന്നു. ഇവരുടെ അഹംകേന്ദ്രത്തെ വ്യക്തിയില്‍നിന്ന്‌ മാറ്റി പ്രപഞ്ചവ്യാപകമാക്കി. വ്യക്തിബോധത്തിന്റെ എല്ലാ രകൂപങ്ങളും ഉള്‍ക്കൊള്ളുന്ന ആ പ്രപഞ്ചബോധം വൈവിധ്യത്തിലെ ഏകത്വമാണെന്ന്‌ അവര്‍ ഞങ്ങള്‍ക്ക്‌ അനുഭവപ്പെടുത്തി തന്നു.
വ്യക്തിത്വത്തിന്റെ സാരതത്ത്വം ബോധമാണെന്ന്‌ പറയുമ്പോള്‍ മനസ്സ്‌, ഇന്ദ്രിയങ്ങള്‍, ശരീരം എന്നിവ എല്ലാം നിഷേധിക്കുകയാണെന്നര്‍ത്ഥമില്ല. അവ ജ്ഞാന-കര്‍മ്മേന്ദ്രിയങ്ങളാണ്‌. നമ്മുടെ ശരീരം പല ശരീരങ്ങളിലൊന്നാണ്‌; അതുകൊണ്ട്‌ ഇവിടെയും, മനസ്സിന്റെയും ജഡത്തിന്റെയും തലങ്ങളില്‍ വ്യക്തിയും പ്രപഞ്ചവും സമഷ്ടിയും എന്ന ചോദ്യം ഉയര്‍ന്നുവന്നു.
ഹൈന്ദവാചാര്യന്മാര്‍ മൂന്നുതരം ആകാശത്തെപ്പറ്റി പറയുന്നു: മഹാകാശം അഥവാ ഭൗതികതലം, ചിത്താകാശം അഥവാ മാസികതലം, ചിദാകാശം അഥവാ ആത്മതലം, ഒരു ജഡസമുദ്രത്തോടുപമിക്കാവുന്ന പ്രപഞ്ചശരീരത്തിന്റെ ഒരംശമാണ്‌ വ്യക്തിശരീരം. മനസ്സാകുന്ന മഹാസമുദ്രത്തിന്റെ ഒരംശമാണ്‌ വ്യക്തിമനസ്സ്‌. പ്രപഞ്ചബോധത്തിന്റെ ഒരംശമാണ്‌ വ്യക്തിബോധം. സമുദ്രംപോലെയാണ്‌ സമഷ്ടി; വ്യക്തി അതിലെ തിരയും. സമുദ്രം, തിര എന്നീ രണ്ടില്‍ ഏതാണ്‌ കൂടുതല്‍ സത്യം? തീര്‍ച്ചയായും സമുദ്രമാണ്‌ തിരയേക്കാള്‍ സത്യം. തിരയ്ക്കും ഒരു സത്തയുണ്ട്‌; എന്നാലത്‌, സമുദ്രത്തിന്റെ സത്തയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ വൃഷ്ടിബോധവും വൃഷ്ടി മനസ്സും വ്യഷ്ടിശരീരവും ചേര്‍ന്ന വ്യക്തിത്വത്തിന്റെ കാര്യത്തിലും ഇതു ശരിയാണ്‌. അവ യഥാക്രമം പ്രപഞ്ചശരീരത്തിന്റെയും അംശങ്ങളാണ്‌.
ഇവിടെ എല്ലാ ജീവജാലങ്ങളും വസ്തുക്കളും ഉണ്ടായി നിനില്‍ക്കുന്ന ആ വിരാട്‌ പുരുഷന്റെ പുരാണസങ്കല്‍പത്തില്‍ നാമെത്തിച്ചേരുന്നു. - വേദങ്ങള്‍ പറയുന്നു: "വിരാട്‌ പുരപുഷന്‌ അസംഖ്യം ശിരസ്സുകളും, കണ്ണുകളും കാലുകളുമുണ്ട്‌. അവിടുന്ന്‌ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനിന്ന്‌ അതിനേയും അതിക്രമിച്ചുനില്‍ക്കുന്നു. ആ പുരുഷനാണ്‌ ഇക്കാണുന്ന പ്രപഞ്ചം മുഴുവന്‍, കവിഞ്ഞതും വരാനിരിക്കുന്നതുമെല്ലാം അവിടുന്നുതന്നെ. അവിടുന്ന്‌ എല്ലാ രൂപങ്ങളിലൂടെയും സ്വയം പ്രകാശിക്കുന്നു. അവിടുന്നുതന്നെയാണ്‌ അമൃതത്വത്തിന്റെ നാഥനും, ദാതാവും. അവിടുത്തെ മഹിമയെ വെളിപ്പെടുത്തുന്ന ഇക്കാണുന്ന പ്രപഞ്ചം അവിടുത്തെ സത്തയുടെ ഒരംശംമാത്രമാണ്‌; പ്രധാനമായും അവിടുന്ന്‌ പ്രകടമാവാതേയും പരിണാമരഹിതനായും വര്‍ത്തിക്കുന്നു."
വ്യഷ്ടയെ മനസ്സിലാക്കണമെങ്കില്‍ സമഷ്ടിയെക്കുറിച്ച്‌ ഏകദേശജ്ഞാനമെങ്കിലും ഉണ്ടായിരിക്കണം. സോക്രട്ടീസിന്റെയും ഒരു ബ്രാഹ്മണഋഷിയുടെയും കഥയറിയാമോ? ഇന്ത്യയില്‍ നിന്ന്‌ ഒരു ബ്രാഹ്മണ മഹര്‍ഷി ഗ്രീസില്‍ പോയി സോക്രട്ടീസിനെ കണ്ടു. സോക്രട്ടീസ്‌ പറഞ്ഞു - "മനുഷ്യനെ അറിയുന്നതാണ്‌ ഏറ്റവും വലിയ അറിവ്‌." ബ്രാഹ്മണന്‍ ചോദിച്ചു : "സര്‍വവ്യാപകസത്യമായ ഈശ്വരനെ അറിയാതെ മനുഷ്യനെ എങ്ങനെ അറിയടും?" സമഷ്ടിയുടെ പശ്ചാത്തലത്തില്‍ മാത്രമേ വ്യഷ്ടിയെ ശരിക്കറിയാന്‍ സാധിക്കൂ; വിരാട്‌ പുരുഷന്റെ പശ്ചാത്തലത്തല്‍ മാത്രമേ വ്യക്തിയെ അറിയാന്‍ സാധിക്കൂ.
മത്തിന്റെ വീക്ഷണത്തില്‍ മനുഷ്യന്‍ ഒരദ്ധ്യാത്മികസത്തയാണ്‌. അയാളുടെ വ്യക്തിത്വം ശരീരവും മനസ്സും മാത്രമല്ല, ആത്മാവും കൂടിച്ചേര്‍ന്നതാണ്‌. മനസ്സിനെയും ഇന്ദ്രിയങ്ങളും ശരീരത്തേയും ഒന്നിച്ചനിര്‍ത്തുന്ന ആ ജീവാത്മാവിന്റെ പിന്നില്‍ ബുദ്ധമത്തിലെ നിര്‍വാണവും വേദാന്തത്തിലെ ബ്രഹ്മവുമായ പരമാത്മാവ്‌ വര്‍ത്തിക്കുന്നു.
- ശ്രീ യതീശ്വരാനന്ദ സ്വാമികള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.