ദേശീയപാത വികസനം 45 മീറ്റര്‍ വീതിയില്‍ നടപ്പാക്കും: മുഖ്യമന്ത്രി

Friday 24 October 2014 2:38 am IST

തിരുവനന്തപുരം: ദേശീയപാത വികസനം 45 മീറ്റര്‍ വീതിയില്‍ തന്നെ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്നും ഇനിയും പിന്നോട്ടുപോകാനോ കാലതാമസം വരുത്താനോ സാധ്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രാദേശിക എതിര്‍പ്പുകള്‍ പരിഗണിച്ച് വീതി 45 മീറ്ററില്‍ നിന്നും 30 മീറ്ററാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് അടിയന്തര നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. ഒരുകാരണവശാലും 45 മീറ്റര്‍ വീതിയില്‍ കുറച്ച് ദേശീയപാത വികസനം ഏറ്റെടുക്കില്ലെന്നാണ് കേന്ദ്രനിലപാട്. 45 മീറ്ററില്‍ പണി ഏറ്റെടുത്ത് നടത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ 80 ശതമാനം ഭൂമി നല്‍കാമെന്ന് ഉറപ്പുകൊടുക്കണം. എങ്കില്‍ മാത്രമേ തുടര്‍നടപടി സ്വീകരിക്കൂവെന്നാണ് കേന്ദ്രം അറിയിച്ചത്. ഈ സാഹചര്യത്തില്‍ 80 ശതമാനം ഭൂമി ഏറ്റെടുത്തു നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ദേശീയപാത വികസനത്തോട് കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. അത് ഏറെക്കുറെ യാഥാര്‍ത്ഥ്യമാണ്. നമുക്ക് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍, 60 മീറ്ററില്‍ നിന്നാണ് കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ക്ക് 45 മീറ്ററായി ഇളവ് തന്നത്. ഫാക്ട് പാക്കേജിന് പ്രധാനമന്ത്രിയോട് സഹായം തേടിയപ്പോള്‍ ദേശീയപാത സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രശ്‌നവും ഉയര്‍ന്നുവന്നിരുന്നു. ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് നിര്‍മ്മാണച്ചെലവ് കുറയ്ക്കാന്‍ കേരളം സഹകരിക്കാത്തതെന്തെന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ദേശീയപാത വികസനം ഒരുകാരണവശാലും നഷ്ടപ്പെടുത്താനാവില്ല. വൈദ്യുതി ലൈന്‍ വലിക്കാനും പൈപ്പ്‌ലൈന്‍ ഇടാനുമുള്ള അടിസ്ഥാനസൗകര്യ വികസനത്തിനാണ് അടിയന്തരമായി സ്ഥലമേറ്റെടുക്കേണ്ടത്. എന്‍എച്ച്-17ല്‍ ഇടപ്പള്ളി മുതല്‍ കര്‍ണാടക അതിര്‍ത്തിവരെയും എന്‍എച്ച്-47ല്‍ ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുമാണ് ഭൂമി ഏറ്റെടുക്കുക. ഇക്കാര്യത്തില്‍ സത്വരനടപടി കൈക്കൊള്ളാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം നല്‍കുന്നതില്‍ സ്ഥലം ഉടമകളോട് ഉദാര സമീപനം സ്വീകരിക്കും. വിപണിവില ഉറപ്പാക്കും. നിശ്ചയിക്കുന്ന നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കും. സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ പാക്കേജ് കേരളത്തിനു വേണമെന്ന ആവശ്യം ബന്ധപ്പെട്ട ഏജന്‍സികള്‍ അംഗീകരിച്ചിട്ടുണ്ട്. പരമാവധി സഹായമാവും നല്‍കുക. എന്നാല്‍ വികസനം വേണ്ടെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. നഷ്ടപരിഹാരത്തിന് കേന്ദ്രസഹായം ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.