ഹസാരെയുടെ സ്ഥാനം പാര്‍ലമെന്റിന്‌ മുകളില്‍ - കെജ്‌രിവാള്‍

Sunday 9 October 2011 4:06 pm IST

ന്യൂദല്‍ഹി: രാജ്യത്തെ ഒരു സാധാരണ പൗരനെന്ന നിലയില്‍ അണ്ണാ ഹസാരെയുടെ സ്ഥാനം പാര്‍ലമെന്റിന്‌ മീതെയാണെന്ന്‌ ലോക്‌പാല്‍ ബില്‍ സമിതിയിലെ പൊതുസമൂഹ പ്രതിനിധി അരവിന്ദ്‌ കെജ്‌രിവാള്‍ പറഞ്ഞു. ജനപ്രതിനിധികളെ തെരഞ്ഞെടുത്ത്‌ പാര്‍ലമെന്റിലേക്ക്‌ അയക്കുന്നത്‌ ജനങ്ങളാണ്‌. അതുകൊണ്ട്‌ തന്നെ രാജ്യത്തെ ഓരോ പൗരനും പാര്‍ലമെന്റിന്‌ മുകളിലാണ്‌ സ്ഥാനമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ ഏതെങ്കിലും കാര്യം ചെയ്യുന്നതില്‍ പാര്‍മെന്റ്‌ വീഴ്ച വരുത്തിയാല്‍ അത്‌ ചൂണ്ടിക്കാണിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. ജനങ്ങളുടെ സ്ഥാനം പാര്‍ലമെന്റിനും മുകളിലാണെന്ന്‌ ഭരണഘടന പോലും പറയുന്നുണ്ടെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ഒരു ദേശീയ ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനുള്ള അണ്ണാ ഹസാരെ സംഘത്തിന്റെ ആഹ്വാനത്തെയും കെജ്‌രിവാള്‍ ന്യായീകരിച്ചു. ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്‌ ലോക്‌പാല്‍ ബില്‍ പാസാക്കുകയെന്നത്‌. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമെന്ന അണ്ണയുടെ ആഹ്വാനം കേവലം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ മാത്രം ഉദ്ദേശിച്ചല്ല, മറിച്ച്‌ യു.പി.ഐ ഒന്നാകെയാണെന്നും അദ്ദേഹം വിശദീകരിച്ചു.