ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം ഗുണ്ടാസംഘം വീടുകയറി തല്ലിച്ചതച്ചു

Thursday 23 October 2014 9:42 pm IST

ആലപ്പുഴ: നെടുമുടി പൗവത്തും സിപിഎം ഗ്രാമം. ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഭാര്യയെയും കുട്ടിയെയും എക്‌സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സിപിഎം ഗുണ്ടാസംഘം വീടുകയറി അക്രമിച്ചു. സാരമായി പരിക്കേറ്റ പ്രവര്‍ത്തകനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമുടി പോലീസ് കാഴ്ചക്കാര്‍. ആര്‍എസ്എസ് നെടുമുടി കാപ്പില്‍മുട്ട് ശാഖാ മുന്‍കാര്യവാഹ് തോട്ടുവാത്തല മൂലേച്ചിറ വേണുക്കുട്ടനെ (41)യും കുടുംബത്തെയുമാണ് സിപിഎം ഗുണ്ടാസംഘം തല്ലിച്ചതച്ചത്. സിപിഎം നേതാവും എക്‌സൈസ് ഉദ്യോഗസ്ഥനുമായ പുന്നേറ്റുമഠം ശ്രീജിത്ത്, ബ്രാഞ്ച് സെക്രട്ടറി ലാലിച്ചന്‍, സിഐടിയു കണ്‍വീനര്‍ പ്രസാദ്, ആട്ടോ ഡ്രൈവര്‍ അജി, ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ ആറംഗസംഘമാണ് അക്രമം നടത്തിയത്. വ്യാഴാഴ്ച വൈകിട്ട് പൗവം പാലത്തിന് സമീപം സ്‌കൂള്‍ വിട്ടുവരുന്ന മകളെ വിളിക്കാന്‍ കൈക്കുഞ്ഞുമായി നില്‍ക്കുകയായിരുന്നു വേണുക്കുട്ടന്‍. ശ്രീജിത്തും സംഘം 'നീ ഇനി ആര്‍എസ്എസിന്റെ ശാഖയില്‍ പോകരുതെന്ന്' ആക്രോശിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന കുഞ്ഞിനും മര്‍ദ്ദനമേറ്റു. വീട്ടിലേക്ക് ഓടിയ വേണുവിനെ വീട്ടില്‍ കയറിയും മര്‍ദ്ദിച്ചു. തടസം പിടിക്കാനെത്തിയ ഭാര്യയെയും തല്ലി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. മര്‍ദ്ദനമേറ്റ് അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ കൊലവിളിയുമായി നിന്ന അക്രമികള്‍ അനുവദിച്ചില്ല. പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. നെടുമുടി എസ്‌ഐയുടെ സാന്നിദ്ധ്യത്തിലും ശ്രീജിത്തും സംഘവും വധഭീഷണി മുഴക്കി. അടുത്തിടെയായി പൗവം പാലത്തിന് സമീപമുള്ള പ്രദേശം സിപിഎം പാര്‍ട്ടി ഗ്രാമമായി ഇവര്‍ പ്രഖ്യാപിക്കുകയും ചുവരെഴുത്ത് നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനും കുടുംബത്തിനും നേരെ അക്രമം നടത്തിയത്. കുട്ടനാടിനെ മറ്റൊരു കണ്ണൂര്‍ ആക്കുമെന്നാണ് സിപിഎം ഗുണ്ടാസംഘത്തിന്റെ പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പ്രമോദ്ചന്ദ്രന്റെ അടുത്ത ബന്ധുവാണ് ശ്രീജിത്ത്. ഭരണകക്ഷിയുടെ ഇടപെടലുകള്‍ ഉള്ളതിനാല്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാകുന്നില്ല. ഇയാളും സംഘവും ഇപ്പോഴും പ്രദേശത്ത് കൊലവിളി നടത്തുകയാണ്. അക്രമിസംഘത്തെ സിപിഎമ്മും കോണ്‍ഗ്രസും ഒരേപോലെ സംരക്ഷിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.