മനോജ് വധം: രണ്ട് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി

Friday 24 October 2014 12:48 am IST

പാനൂര്‍(കണ്ണൂര്‍): കതിരൂര്‍ മനോജ് വധക്കേസില്‍ രണ്ടു പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. കിഴക്കേ കതിരൂരിലെ ഫോട്ടോഗ്രാഫര്‍ ജിതിന്‍ എന്ന നമ്പിടി ജിതേഷ്, കോട്ടയം പൊയില്‍ പൂളബസാറില്‍ അച്ചാര്‍ സുജിത്ത് എന്ന പി.സുജിത്ത് എന്നിവരെയാണ് തലശ്ശേരി സെഷന്‍സ് കോടതി നവംബര്‍ നാലു വരെ കസ്റ്റഡിയില്‍ നല്‍കിയത്. മനോജിന്റെ കൊലയില്‍ നേരിട്ട് പങ്കാളികളായതിനാല്‍ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ ഇവരെ തിരിച്ചറിഞ്ഞിരുന്നു. മറ്റൊരു പ്രതിയായ അണ്ടന്‍ വിനു എന്ന വിനോദിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി ഇന്നലെ പരിഗണിച്ചു. തിരിച്ചറിയല്‍ പരേഡ് അടുത്ത ദിവസം നടക്കും. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. കൊലയ്ക്ക് ശേഷം പ്രതികളെ സംരക്ഷിച്ചവരെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും പ്രതി ചേര്‍ക്കുക. കതിരൂര്‍, ഓട്ടച്ചിമാക്കൂല്‍, ഉക്കാസ്‌മൊട്ട ഭാഗങ്ങളിലെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ നിലവില്‍ ഒളിസങ്കേതങ്ങളില്‍ കഴിയുകയാണ്. കൊലയാളികള്‍ക്ക് സംരക്ഷണവും സഹായവും നല്‍കിയവരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. മൂന്നാംപീടിക, പഴയനിരത്ത് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ സുരക്ഷിതരായി കഴിയുന്നവരെ രാത്രിയില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കുന്നതും പതിവാണ്. ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. കൊലയാളികളെ സിപിഎം സംരക്ഷിക്കുകയും പോലീസ് സംഘം അന്വേഷണത്തിനായി എത്തിയാല്‍ ഭീഷണി മുഴക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം കൊലയാളികള്‍ക്ക് പിന്തുണയുമായി കണ്ണൂര്‍ എംപി: പി.കെ.ശ്രീമതി, പി.ജയരാജന്‍, എം.സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കതിരൂര്‍ ഭാഗത്ത് വീട് സന്ദര്‍ശനവും നടത്തിയിരുന്നു. ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷ വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.