നടപടി വിദ്യാഭ്യാസ മന്ത്രിയെ രക്ഷിക്കാനെന്ന്

Friday 24 October 2014 1:41 am IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മദ്ധ്യസ്ഥര്‍ രംഗത്ത്. ഹോസ്റ്റല്‍ പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 28ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സമ്മതിച്ചിട്ടുണ്ടെന്നുമാണ്  അഡ്വ. ശിവന്‍ മഠത്തിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമരം നടത്തുന്ന വിദ്യാര്‍ത്ഥി സംഘടനകളെ അറിയിച്ചിരിക്കുന്നത്. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കനുവദിച്ച ഹോസ്റ്റല്‍ സൗകര്യത്തിന്റെ അപര്യാപ്തത പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണെന്നു സമിതി ഭാരവാഹികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതിയായ ഹോസ്റ്റല്‍ സൗകര്യം ഉണ്ടാക്കുകയാണ് ആദ്യ നടപടി. ഇതിന് 12.5 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനുള്ള തുക പ്ലാന്‍ ഫണ്ടില്‍ നിന്നു കണ്ടെത്താനാവുമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ വൈസ് ചാന്‍സലര്‍ക്കും 24 സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും നല്‍കും. വൈസ് ചാന്‍സലറും സിണ്ടിക്കേറ്റംഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരം അവസാനിപ്പിക്കണമെന്നും  സിണ്ടിക്കേറ്റിന്റെ ജനാധിപത്യ സ്വഭാവം നിലനിര്‍ത്താനും തീരുമാനങ്ങള്‍ അംഗീകരിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അംഗങ്ങള്‍  ആവശ്യപ്പെട്ടു. അതേ സമയം 18 ദിവസമായി നടക്കുന്ന സമരത്തില്‍ സര്‍വകലാശാലാ അന്തരീക്ഷം പാടേ വഷളായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വിദ്യാഭ്യാസമന്ത്രിയെ രക്ഷിക്കാനുള്ള നിലപാടുമായാണ് സമിതി  രംഗത്തെത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എം.പി. മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍ എന്നിവരെ കൂടാതെ എം.പി. വീരേന്ദ്രകുമാര്‍ കോണ്‍ഗ്രസിലെ അദ്ധ്യാപക സംഘടനയുടെ നേതാവായ ഡോ. പി. രവീന്ദ്രന്‍ എന്നിവരുമാണുള്ളത്. ഡോ. എം. എം. ബഷീര്‍, ഡോ. എം. ജി. എസ്. നാരായണന്‍ എന്നിവരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിണ്ടിക്കേറ്റിലെ യുഡിഎഫ് അംഗങ്ങളും വിസിയും തമ്മിലുള്ള തര്‍ക്കവും കടുംപിടിത്തവുമാണ് സര്‍വകലാശാല അന്തരീക്ഷത്തെ താറുമാറാക്കിയത്. ഇത് പരിഹരിക്കാന്‍ യാതൊരുവിധ നടപടി എടുക്കാനും വിദ്യാഭ്യാസ മന്ത്രി തയ്യാറായിരുന്നില്ല. സര്‍വകലാശാല അന്തരീക്ഷം സമര മുഖരിതവും താറുമാറായതിനും ശേഷമാണ് പ്രശ്‌നം എങ്ങനെയും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മദ്ധ്യസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതുവഴി മന്ത്രിയുടെ മുഖം രക്ഷിക്കാനാണ് നീക്കമെന്നാണ് പറയപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.