പാര്‍ക്കിങ് മൈതാനങ്ങളുടെ നവീകരണം അനിശ്ചിതത്വത്തില്‍

Friday 24 October 2014 10:13 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി എരുമേലിയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ഇക്കൊല്ലവും കാത്തിരിക്കുന്നത് ദുരിതങ്ങ ളുടെ കാലം. ചരിത്രപ്രസിദ്ധമായ പേട്ടതുള്ളി അയ്യപ്പസ്വാമിയുടെ സ്മരണ പുതുക്കി എരുമേ ലിയെ ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമാക്കിയിട്ടും ദേവസ്വം ബോര്‍ഡിന്റെ നവീകരണ പദ്ധതികള്‍ കടലാസുകളിലും ഫയലുകളിലും ഒതുങ്ങി. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പാര്‍ക്കിംഗ് മൈതാനങ്ങളുള്ള ദേവസ്വം ബോര്‍ഡില്‍ തീര്‍ത്ഥാടന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് നടത്താന്‍ യോഗ്യമായ മൈതാനങ്ങളില്ല. ചെറിയമഴയത്തുപോലും ചെളിക്കുഴിയായി മാറുന്ന പാര്‍ക്കിംഗ് മൈതാനങ്ങളില്‍ തീര്‍ത്ഥാടകര്‍ കയറിയിറങ്ങി ദുരിതമനുഭവിക്കുന്നതല്ലാതെ സുരക്ഷിത തീര്‍ത്ഥാടനം ഇന്നും അകലെ തന്നെയാണ്. ആലംപള്ളി, കളിസ്ഥലം എന്നീ മൈതാനങ്ങള്‍ നവീകരിക്കാന്‍ കരാര്‍ നല്‍കിയെങ്കിലും സാങ്കേതിക തടസ്സങ്ങളില്‍ കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. മൈതാനങ്ങളില്‍ സിമന്റ്കട്ട ഉപയോഗിച്ച് നവീകരിക്കാനായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പദ്ധതി. എന്നാല്‍ വെള്ളം ഭൂമിയില്‍ താഴാതെ ഒഴുകിപ്പോകുമെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് കരാര്‍ താല്‍ക്കാലികമായി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ചെറിയ രണ്ട് മൈതാനങ്ങള്‍ നവീകരിക്കാന്‍ കോടിയിലധികം രൂപക്കാണ് കരാര്‍. എന്നാല്‍ മൈതാനങ്ങളില്‍ വെള്ളം താഴുന്ന രീതിയില്‍ നവീകരണം നടത്തണമെന്ന ഉന്നതാധികാരികളുടെ നിര്‍ദ്ദേശവും ദേവസ്വം ബോര്‍ഡിനെയും വെട്ടിലാക്കിയിരിക്കുകയാണ്. മൈതാനങ്ങള്‍ നവീകരിക്കാന്‍ വേണ്ടി ദേവസ്വം ബോര്‍ഡ് ചെളിക്കുഴിയായ മൈതാനങ്ങളുടെ ചിത്രം എടുത്ത് കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ തീര്‍ത്ഥാടന കാലത്ത് എരുമേലിയിലെ പാര്‍ക്കിംഗ് മൈതാനങ്ങള്‍ നവീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദേവസ്വത്തിന്റെ വലിയ മൈതാനമടക്കം വരുന്ന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കുഴിയായും കാടുപിടിച്ചും കിടക്കുന്നതുകാരണം പകുതി വാഹനങ്ങള്‍ക്കുപോലും കയറാന്‍ സാധിക്കുന്നില്ല. സ്‌കൂളിന് സമീപമുള്ള വലിയ മൈതാനത്തിന്റെ ഭൂരിഭാഗവും കാടുകയറിയതിനാല്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാറില്ല. ദേവസ്വം ബോര്‍ഡ് മൈതാനങ്ങള്‍ നവീകരിക്കുന്ന കാര്യത്തില്‍ ബോര്‍ഡ് ഗൗരവമായി നടപടി സ്വീകരിക്കുന്നില്ലെന്നും പരാതികളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.