കോട്ടൂര്‍ പീഡനം: ആദിവാസി പെണ്‍കുട്ടിയുടെ പരസ്യ മൊഴിയെടുക്കാന്‍ ശ്രമം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

Friday 24 October 2014 10:21 pm IST

കാട്ടാക്കട (തിരുവനന്തപുരം): കേരള കോണ്‍ഗ്രസ്-ബിയുടെ സമ്മേളനത്തിന് കൊണ്ടുപോയി മടങ്ങവെ ടൂറിസ്റ്റ് ബസ്സിനുള്ളില്‍ ആദിവാസി സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും നേതാക്കള്‍ പീഡിപ്പിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ ഗൂഢശ്രമം. പീഡനത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തി പോലീസ് വീണ്ടും മൊഴിയെടുക്കാന്‍ ശ്രമിക്കവെ നാട്ടുകാര്‍ തടഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആദിവാസികളും ബിജെപി ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും ചേര്‍ന്ന് നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇന്നലെരാവിലെയാണ് സംഭവങ്ങളുടെ തുടക്കം. കോട്ടൂര്‍ ഗവ. യുപി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയെടുക്കാന്‍ നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനിലെ ഒരു എഎസ്‌ഐയും വനിതാ പോലീസുമടക്കം നാലുപേര്‍ സ്‌കൂളിലെത്തി. സഹപാഠികളും അധ്യാപകരും നോക്കിനില്‍ക്കെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ യൂണിഫോമിലെത്തിയ പോലീസ് ശ്രമിച്ചു. കഴിഞ്ഞ ദിവസം ഈ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം നെടുമങ്ങാട് ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുവാന്‍ അറിയിക്കുമ്പോള്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ഡിെൈവസ്പി മടക്കി വിട്ടത്. എന്നാല്‍ ഇന്നലെ സുപ്രീംകോടതി നിര്‍ദ്ദേശങ്ങളെല്ലാം പാടെ അവഗണിച്ച് നെയ്യാര്‍ഡാം പോലീസ് സ്‌കൂളിലെത്തി പരസ്യമൊഴി എടുക്കാന്‍ ശ്രമിച്ചതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. പീഡനത്തിനിരയാകുന്ന കുട്ടികളുടെ മൊഴി രേഖപ്പെടുത്തുമ്പോള്‍ മജിസ്‌ട്രേററുപോലും സാധാരണ വേഷമണിഞ്ഞേ എത്താറുള്ളു. നെയ്യാര്‍ഡാംപോലീസ് യൂണീഫോമിലെത്തി സഹപാഠികള്‍ക്കു മുന്നില്‍ ആദിവാസി പെണ്‍കുട്ടിയെ പരസ്യമായി ചോദ്യം ചെയ്തത് കുറ്റകരമാണ്. ഈ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രഭാകരന്‍ ആവശ്യപ്പെട്ടു. പോലീസെത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഇനി സ്‌കൂളില്‍ പഠിപ്പിക്കാന്‍ പറ്റില്ലെന്ന നിലപാടെടുത്ത സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനെത്തിയപ്പോള്‍ കേസില്‍ ആരോപണ വിധേയരായ കേരള കോണ്‍ഗ്രസ് നേതാക്കള്‍ സ്‌കൂള്‍ പരിസരത്തുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കുവേണ്ടി തലേദിവസം കുട്ടി പറഞ്ഞ മൊഴി മാറ്റി പറയിക്കാനാണ് നെയ്യാര്‍ ഡാം പോലീസ് ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്റ്റഷനിലെത്തി ഹിന്ദുഐക്യവേദി നേതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ സ്‌കൂളില്‍ പോയതെന്നാണ് പോലീസ് പറഞ്ഞത്. അതുകൊണ്ടുതന്നെ പ്രതികളെ നെടുമങ്ങാട് ഡിവൈഎസ്പി സെയ്ബുദ്ദീന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി തങ്ങള്‍ സംശയിക്കുന്നുവെന്ന് നേതാക്കള്‍ അറിയിച്ചു. അന്വേഷണം മറ്റേതെങ്കിലും ഉന്നത ഉദ്യോഗസ്ഥനെകൊണ്ട് നടത്തി പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ബിജെപി അരുവിക്കര മണ്ഡലം പ്രസിഡന്റ് ശിവജിപുരം ഭുവനചന്ദ്രന്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ പ്രവര്‍ത്തകര്‍ നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമങ്ങാട് ഡിവൈഎസ്പി ക്ഷമാപണം നടത്തുകയും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് ഉറപ്പു നല്കുകയും ചെയ്തു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഉപരോധം ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ആദിവാസികള്‍ക്കുനേരെയുണ്ടായ പൈശാചികമായ സംഭവത്തില്‍ ഭരണസ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധത്തിന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി. ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കിളിമാനൂര്‍ സുരേഷ്, ജില്ലാ ട്രഷറര്‍ നെടുമങ്ങാട് ശ്രീകുമാര്‍, ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് പ്രകാശ്, മണ്ഡലം സേവാ പ്രമുഖ് രാജേന്ദ്രന്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മനു, ഹിന്ദുഐക്യവേദി കാട്ടാക്കട താലൂക്ക് സെക്രട്ടറി മൈലക്കര വിജയന്‍, കുറ്റിച്ചല്‍ പഞ്ചായത്ത് ട്രഷറര്‍ ബിജു തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.