വെളിച്ചെണ്ണ വിപണിയില്‍ മുഹൂര്‍ത്ത കച്ചവടം നടന്നില്ല

Friday 24 October 2014 10:33 pm IST

മട്ടാഞ്ചേരി: കൊച്ചിയില്‍ വെളിച്ചെണ്ണ വിപണിയില്‍ 'മുഹൂര്‍ത്ത കച്ചവടം' നടന്നില്ല. ദീപാവലിയോടനുബന്ധിച്ച് രാജ്യമൊട്ടുക്കും വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന 'മുഹൂര്‍ത്ത കച്ചവട'ത്തില്‍നിന്നാണ് വെളിച്ചെണ്ണ-കൊപ്ര വിപണികള്‍ ഒഴിഞ്ഞുനിന്നത്. പരമ്പരാഗതമായി നടന്നുവരുന്ന 'മുഹൂര്‍ത്ത കച്ചവട' വിപണിയില്‍ കേരളത്തില്‍നിന്ന് വെളിച്ചെണ്ണ, കൊപ്ര, കുരുമുളക്, മഞ്ഞള്‍ എന്നിവയാണുള്ളത്. ഏഴ് പതിറ്റാണ്ടായി നേതൃത്വം നല്‍കിവരുന്ന വെളിച്ചെണ്ണ 'മുഹൂര്‍ത്ത കച്ചവട'ത്തില്‍ നിന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഒഴിഞ്ഞുനിന്നത് വിവാദമായിട്ടുണ്ട്. ദീപാവലി മുഹൂര്‍ത്ത വിപണിയില്‍ നിന്നുള്ള കേരോല്പന്ന വിപണി സംഘടനയുടെ ഒഴിഞ്ഞുമാറ്റം കേരളത്തിനുള്ള പരമ്പരാഗതാവകാശമാണ് ഇല്ലാതാക്കുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (കോമ) കൊച്ചി ആസ്ഥാനമാണ് രാജ്യത്തെ വെളിച്ചെണ്ണയുടെ വിപണി വില നിര്‍ണയ കേന്ദ്രം. വ്യാപാരത്തിലെ പാരമ്പര്യം നഷ്ടമായെങ്കിലും വിപണി വിലയില്‍ കൊച്ചി കേന്ദ്രത്തിന്റെ തീരുമാനം സുപ്രധാനമായാണ് കരുതുന്നത്. ഈ ഘട്ടത്തിലാണ് 'കോമ' മുഹൂര്‍ത്ത കച്ചവടത്തില്‍നിന്ന് ഒഴിഞ്ഞുമാറിയത് ചര്‍ച്ചയും വിവാദമാകുന്നത് 'കോമ' ദീപാവലി മുഹൂര്‍ത്ത വേളയില്‍ കച്ചവടം നടത്താതെ ഒഴിഞ്ഞുനിന്നതില്‍ ഡയറക്ടര്‍മാര്‍ക്കിടയിലും അമര്‍ഷമുണ്ട്. 'കോമ'യുടെ നടപടി ചോദ്യം ചെയ്യപ്പെടുമെന്ന് ഡയറക്ടര്‍മാര്‍ പറഞ്ഞു. ദീപാവലി മുഹൂര്‍ത്തകച്ചവട വേളയില്‍നിന്ന് 'കോമ' ഒഴിഞ്ഞുനിന്നത് പരിശോധിക്കുമെന്ന് പ്രസിഡന്റ് കുളത്തൂര്‍ മജീദ് പറഞ്ഞു. പരമ്പരാഗതമായുള്ള ദീപാവലി മുഹൂര്‍ത്ത കച്ചവടം കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ ചൊവ്വാഴ്ച നടത്തിയതായി ഡയറക്ടര്‍ പ്രകാശ് ബി.റാവു പറഞ്ഞു. 300 ക്വിന്റല്‍ എണ്ണയുടെ കച്ചവടമാണ് മുഹൂര്‍ത്ത കച്ചവട'ത്തില്‍ നടന്നത്. വിലകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മുഹൂര്‍ത്ത കച്ചവടത്തില്‍നിന്ന് വെളിച്ചെണ്ണ വിപണി ഒഴിഞ്ഞുനിന്നത് വലിയ കാര്യമല്ലെന്ന് മുന്‍ പ്രസിഡന്റ് തലത്ത് മുഹമ്മദ് പ്രതികരിച്ചു. ദീപാവലിയുടെ മുഹൂര്‍ത്ത വേളയില്‍ നടത്തേണ്ട കച്ചവടം ദിവസങ്ങള്‍ക്ക് മുമ്പ് വില നല്‍കി കോമ ഭാരവാഹികകള്‍ സാംസ്‌കാരികമായുള്ള സംരംഭത്തെ അവഹേളിക്കുകയാണ് ചെയ്തതെന്ന് വ്യാപാരികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.