അവ്‌ലാക്കി വധത്തെ ന്യായീകരിക്കാന്‍ അമേരിക്ക രഹസ്യരേഖ തയ്യാറാക്കിയെന്ന്‌

Sunday 9 October 2011 8:49 pm IST

വാഷിംഗ്ടണ്‍: ഒരു അമേരിക്കന്‍ പൗരനെ വിചാരണ കൂടാതെ വധിക്കാന്‍ അനുമതി നല്‍കുന്ന നിയമരേഖ അമേരിക്കയില്‍ ജനിച്ച അല്‍ ഖ്വയ്ദ ഭീകരന്‍ അന്‍വര്‍ അല്‍ അവ്‌ലാക്കിയെ വധിക്കുന്നതിന്‌ മുമ്പ്‌ ഒസാമ ഭരണകൂടം തയ്യാറാക്കിയതായി റിപ്പോര്‍ട്ട്‌. അമേരിക്കന്‍ പ്രസിഡന്റിന്‌ വിചാരണ കൂടാതെ മരണശിക്ഷ വിധിക്കാന്‍ നിയമപ്രകാരം അധികാരമില്ലാത്തതിനാലാണ്‌ ഇത്തരം രഹസ്യരേഖ തയ്യാറാക്കേണ്ടിവന്നതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ടുചെയ്യുന്നു. കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയാക്കിയ രേഖ പ്രകാരം ജീവനോടെ പിടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാത്രമാണ്‌ വധിക്കേണ്ടതെന്നും പ്രത്യേകം പരാമര്‍ശിക്കുന്നു. അല്‍ ഖ്വയ്ദ ശൃംഖലക്കെതിരെ യുഎസ്‌ ഭരണകൂടം നടത്തിയ ഒരു നീക്കത്തിന്റെ ഫലമായാണ്‌ യെമനില്‍ പെയിലറ്റില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ അവ്ലാക്കി കൊല്ലപ്പെട്ടത്‌. ഈ വധം അമേരിക്കയില്‍ മാത്രമല്ല, അന്തര്‍ദേശീയ നിയമങ്ങള്‍ക്ക്‌ മുന്നിലും ന്യായീകരിക്കപ്പെടേണ്ടിയിരുന്നു. ഈ രേഖ അവ്ലാക്കിക്ക്‌ വേണ്ടി പ്രത്യേകം തയ്യാറാക്കിയതിനാല്‍ ഭീകരവാദ ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു അമേരിക്കക്കാരനെയും വധിക്കാന്‍ ഇതുമൂലം സാധ്യമല്ല. അല്‍ ഖ്വയ്ദയും അമേരിക്കയുമായുള്ള യുദ്ധത്തില്‍ ഇയാള്‍ പ്രത്യേക തരത്തില്‍ ഭീഷണി ഉയര്‍ത്തുന്ന വ്യക്തിയാണെന്ന്‌ പറയുന്ന രേഖയില്‍ അതിനുവേണ്ട തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്ന്‌ ടൈംസ്‌ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പൗരനായ അവ്ലാക്കിയുടെ വധത്തെക്കുറിച്ച്‌ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും നിയമജ്ഞരുടെയും ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനാകാതെ വൈതൗസ്‌ കുഴങ്ങിയിരുന്നു. ഒരു കാരണവും ചൂണ്ടിക്കാട്ടാനാകാതെയുള്ള ഇത്തരം കൊലപാതകങ്ങളെ ന്യായീകരിക്കാനാവില്ലെന്ന്‌ അവര്‍ വിമര്‍ശിച്ചിരുന്നു. 13 പേരെ ടെക്സാസില്‍ വെടിവെച്ചുകൊന്ന അമേരിക്കന്‍ സൈനികനുമായും 2009 ഡിസംബര്‍ 25 ന്‌ അമേരിക്കന്‍ വിമാനം തകര്‍ക്കാന്‍ ശ്രമിച്ച നൈജീരിയന്‍ വിദ്യാര്‍ത്ഥിയുമായും ഇയാള്‍ക്ക്‌ ബന്ധമുണ്ടായിരുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. യമനിലെ അല്‍ ഖ്വയ്ദയുടെ നേതാവായ ഇയാള്‍ നിരപരാധികളായ അമേരിക്കന്‍ പൗരന്മാരെ വധിച്ചതായും വിശ്വസിക്കപ്പെടുന്നു. ഇയാളെ വധിക്കാനുള്ള രഹസ്യരേഖ തയ്യാറാക്കിയത്‌ ഒബാമ ഭരണകൂടത്തിലെ പെന്റഗണ്‍, സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റ്‌, ദേശീയ സുരക്ഷാ കൗണ്‍സില്‍, അമേരിക്കന്‍ രഹസ്യാന്വേഷണ വകുപ്പ്‌ എന്നിവയുടെ സഹകരണത്തോടെയായിരുന്നുവെന്നും ടൈംസ്‌ അറിയിച്ചു.