ചില മാധ്യമങ്ങള്‍ ധര്‍മ്മം വിസ്മരിക്കുന്നു - വി. മുരളീധരന്‍

Friday 24 October 2014 10:39 pm IST

തിരുവനന്തപുരം: വസ്തുനിഷ്ഠമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ധര്‍മ്മം ചില മാധ്യമങ്ങള്‍ വിസ്മരിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍. സത്യം അറിയിക്കാന്‍ വിമുഖത കാട്ടുക മാത്രമല്ല അസത്യ പ്രചാരണത്തിലും അവര്‍ തല്‍പരരാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ അത്തരക്കാരുടെ നീക്കം ശക്തിപ്പെടുത്തിയതായും മുരളീധരന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലും തരംഗമായ് മോദി എന്ന ജന്മഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിജെപി പ്രസിഡന്റ്. കവി പി. നാരായണക്കുറുപ്പ് ആദ്യകോപ്പി ഏറ്റുവാങ്ങി. അമേരിക്കയില്‍ അഞ്ചുദിവസത്തെ നരേന്ദ്രമോദിയുടെ സന്ദര്‍ശനം ചരിത്രസംഭവമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിന് മുമ്പ് മറ്റൊരു പ്രധാനമന്ത്രിക്കും ലഭിക്കാത്ത വരവേല്‍പ്പാണവിടെ ഉണ്ടായത്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളെല്ലാം ഭാരതീയരുടെ അഭിമാനവും അന്തസ്സും ഉയര്‍ത്തുന്നതായിരുന്നു. ചടങ്ങിന് സാക്ഷിയായ മലയാളികള്‍ നാട്ടിലെ ബന്ധുക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നത് ആവേശത്തോടെയാണ്. നരേന്ദ്രമോദിയെ അകലെ നിന്ന് വിമര്‍ശിക്കുകയും വീക്ഷിക്കുകയും ചെയ്തവര്‍ ഏറെ സന്തോഷത്തോടെയാണ് വിവരങ്ങള്‍ കൈമാറുന്നത്. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ചിലത് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പരിഹസിക്കാന്‍പോലും തയ്യാറായത് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെ നിരന്തരം കുപ്രചരണം നടത്തുന്ന ഒരു മാധ്യമവുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം ഏതാനും നേതാക്കള്‍ മാത്രമെടുത്തതല്ല. കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളുടെ ആവശ്യവും കൂടിയാണത്. അതിനെക്കുറിച്ച് ആ മാധ്യമത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി എഴുതിയ അഭിപ്രായം ബിജെപിയുടെ തീരുമാനം കൊള്ളേണ്ടിടത്ത് കൊണ്ടു എന്നാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ ഒരു സ്വാധീനവുമില്ലാത്ത കക്ഷിയെന്ന് ആ അഭിപ്രായപ്രകടനത്തില്‍ പറയുന്നതാണ് ശരിയെങ്കില്‍ ബിജെപിയുടെ തീരുമാനം അവഗണിക്കുമായിരുന്നു. മുസ്ലിം മതമൗലികവാദികള്‍ ആ മാധ്യമത്തിനെതിരെ പ്രചരണം നടത്തുന്നതും സൂചിപ്പിച്ച സ്ഥിതിക്ക് ബിജെപി വിരോധം എന്തിനുവേണ്ടിയാണെന്നും വെളിപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കാന്‍ ജന്മഭൂമി നടത്തിയ ശ്രമം അഭിനന്ദനാര്‍ഹമാണെന്നും മുരളീധരന്‍ പറഞ്ഞു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായിരുന്നു. മോദി അമേരിക്കയില്‍ നടത്തിയ പ്രസംഗങ്ങള്‍, കൂടികാഴ്ചകള്‍, ചര്‍ച്ചകള്‍, വിരുന്നു സല്‍ക്കാരങ്ങള്‍ എന്നിവയുടെ വിശദമായ വിവരങ്ങള്‍ പുസ്തകത്തില്‍ ഉണ്ട്. പ്രകാശന ചടങ്ങില്‍ ബാലഗോകുലം ഉപാധ്യക്ഷന്‍ ഡി. നാരായണ ശര്‍മ്മ, സെക്രട്ടറി വി. ഹരികുമാര്‍, ക്ഷേത്രസംരക്ഷണസമിതി ഉപാധ്യക്ഷന്‍ സി.കെ. കുഞ്ഞ്, ഡോ. കെ.സി. അജയകുമാര്‍, ജന്മഭൂമി ഡയറക്ടര്‍മാരായ ടി. ജയചന്ദ്രന്‍, പി. ജ്യോതീന്ദ്രകുമാര്‍, മാനേജര്‍ ടി.വി. പ്രസാദ് ബാബു, ബിജെപി നേതാക്കളായ കെ.ആര്‍. ഉമാകാന്തന്‍, ജോര്‍ജ് കുര്യന്‍, എം.ബി. രാജഗോപാല്‍, ജെ.ആര്‍. പത്മകുമാര്‍, അഡ്വ. എസ്. സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ സ്വാഗതവും ബ്യൂറോ ചീഫ് സി. രാജ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.