മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ ശശി തരൂര്‍എംപിയും പങ്കാളിയായി

Saturday 25 October 2014 12:56 pm IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച സ്വച്ഛ് ഭാരത് അഭിയാനില്‍ ശശി തരൂര്‍ എംപി.യും പങ്കാളിയായി.വിഴിഞ്ഞത്ത് ഒരു കൂട്ടം പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി ശുചീകരണം നടത്തിയാണ് തരൂര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. വഴിയരികില്‍ കൂടിക്കിടന്ന മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ചത്ത എലിയെയും തരൂര്‍ എടുത്ത് ചാക്കിലിട്ടു. രാഷ്ട്രീയം എന്തായാലും രാഷ്ട്രം നന്നായാല്‍ മതി എന്നതാണ് തന്റെ നിലപാടെന്ന് അര മണിക്കൂറോളം നീണ്ടുനിന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാലിന്യനിര്‍മാര്‍ജനം അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്. വിഴിഞ്ഞത്ത് ഭവനനിര്‍മാണ മേഖലയിലും വിനോദസഞ്ചാര മേഖലയിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എങ്കിലും ഇവിടെ പാവപ്പെട്ടവരുടെ വീടുകള്‍ക്ക് മുന്നില്‍ ഇപ്പോഴും മാലിന്യം കൂടിക്കിടക്കുകയാണ്. ഈ സ്ഥിതി മാറണമെന്നും തരൂര്‍ പറഞ്ഞു. ഗാന്ധിജി പോലും പറഞ്ഞത് സ്വാതന്ത്ര്യത്തെക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ശുചിത്വത്തിനാണെന്നാണ്. എന്നാല്‍ പരിസര ശുചീകരണത്തോടൊപ്പം ആത്മശുചീകരണവും വേണമെന്നും തരൂര്‍ പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതി ് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതാവണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ മാലിന്യ പ്രശ്‌നത്തിന് കാരണം കോര്‍പ്പറേഷന്റെ അനാസ്ഥായാണ്. മാലിന്യം നീക്കം ചെയ്യാന്‍ വയ്യെങ്കില്‍ അവര്‍ മാറി നില്‍ക്കുകയാണ് വേണ്ടതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.