അനധികൃത ഖാനനം: പരീക്കര്‍ സ്വന്തം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും

Sunday 9 October 2011 8:57 pm IST

പനാജി: ഗോവയിലെ അനധികൃത ഖാനനത്തെക്കുറിച്ചുള്ള പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റി റിപ്പോര്‍ട്ട്‌ സഭയുടെ മേശപ്പുറത്ത്‌ വക്കാത്ത പശ്ചാത്തലത്തില്‍ കമ്മറ്റി ചെയര്‍മാനും ബിജെപി നേതാവുമായ മനോഹര്‍ പരീക്കര്‍ ഇതേക്കുറിച്ച്‌ മറ്റൊരു റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നു. ഇതിനെക്കുറിച്ച്‌ പരീക്കര്‍ അക്കൗണ്ട്സ്‌ കമ്മറ്റി റിപ്പോര്‍ട്ടാകും താന്‍ സമര്‍പ്പിക്കുകയെന്ന്‌ പ്രതിപക്ഷ നേതാവ്‌ കൂടിയായ പരീക്കര്‍ അറിയിച്ചു. തന്റെ സത്യസന്ധമായ റിപ്പോര്‍ട്ടിനെ പരീക്കര്‍ അക്കൗണ്ട്സ്‌ കമ്മറ്റി റിപ്പോര്‍ട്ടെന്നാണ്‌ കോണ്‍ഗ്രസുകാര്‍ പരിഹസിച്ചത്‌. അത്‌ സഭയില്‍ വക്കാന്‍ അവര്‍ തയ്യാറായതുമില്ല. ഈ സാഹചര്യത്തിലാണ്‌ അനധികൃത ഖാനനത്തിന്റെ കാണാപ്പുറങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന തന്റെ റിപ്പോര്‍ട്ടെന്ന്‌ പരീക്കര്‍ ചൂണ്ടിക്കാട്ടി. അനുബന്ധ രേഖകളടക്കം അനധികൃത ഖാനനത്തെ തുറന്ന്‌ കാട്ടുന്നതായിരിക്കും റിപ്പോര്‍ട്ട്‌. എല്ലാ പരാമര്‍ശങ്ങള്‍ക്കും തെളിവുകള്‍ അനുബന്ധമായ റിപ്പോര്‍ട്ട്‌ വെള്ളിയാഴ്ച പുറത്തിറക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.
4000 കോടി രൂപയുടെ അനധികൃത ഖാനനത്തെക്കുറിച്ച്‌ പരീക്കര്‍ അധ്യക്ഷനായുള്ള പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ കഴിഞ്ഞദിവസം സ്പീക്കര്‍ പ്രതാപ്‌ സിംഗ്‌ റാണെ സഭയുടെ മേശപ്പുറത്തുവെക്കാന്‍ വിസ്സമ്മതിച്ചിരുന്നു. മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെ പിന്തുണയോടെയും പങ്കാളിത്തത്തോടും കൂടിയാണ്‌ അനധികൃത ഖാനനം നടക്കുന്നതെന്ന്‌ ബിജെപി ആരോപിച്ചിരുന്നു. സംസ്ഥാന ഖജനാവിന്‌ നഷ്ടം വരുത്തുന്ന ഖാനന മാഫിയയെക്കുറിച്ച്‌ ഗവര്‍ണര്‍, കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍, ചീഫ്‌ വിജിലന്‍സ്‌ ഓഫീസര്‍ എന്നിവര്‍ക്ക്‌ രേഖാമൂലം പരാതിപ്പെടാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്ന്‌ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ്‌ ആവശ്യപ്പെട്ടിരുന്നു. ഗോവയില്‍ ഖാനനം നടത്തുന്ന 50 മില്യണ്‍ ടണ്‍ അയിരില്‍ 30 ശതമാനവും അനധികൃതമാണെന്ന്‌ പാര്‍ട്ടി ഒരു പ്രമേയത്തിലൂടെ വ്യക്തമാക്കി. ഖാനനത്തിനായി സര്‍ക്കാര്‍ 13,500 ഹെക്ടര്‍ വനഭൂമി വിട്ടുകൊടുത്തുവെന്നും രണ്ട്‌ ലക്ഷം മരങ്ങള്‍ മുറിച്ചുവെന്നും ഇത്‌ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും ബിജെപി അഭിപ്രായപ്പെട്ടു.