തൊഴില്‍ തേടി വിദേശികള്‍ ഇന്ത്യയിലേക്ക്‌

Sunday 9 October 2011 9:48 pm IST

മുംബൈ: പാശ്ചാത്യ സാമ്പത്തിക മേഖല ദിനംപ്രതി പ്രതിസന്ധിയിലകപ്പെടുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നും ആളുകള്‍ ജോലി തേടി ഇന്ത്യയിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ജോലി തേടി രാജ്യത്തെത്തുന്ന വിദേശികളുടെ എണ്ണം 20 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. ഏകദേശം 40,000 പേരാണ്‌ ഇത്തരത്തില്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്‌.
രാജ്യം വളര്‍ന്നുകൊണ്ടിരിക്കുന്ന വന്‍ സാമ്പത്തിക ശക്തിയാണ്‌. അതുകൊണ്ടുതന്നെ ധാരാളം തൊഴിലവസരങ്ങളും രാജ്യത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. ഇവിടെ ജോലി തേടിയെത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും 15-20 ശതമാനത്തോളം വര്‍ധിക്കുകയാണ്‌. മാനേജ്മെന്റ്‌ വിദഗ്ദ്ധനായ രത്നേഷ്‌ കുമാര്‍ വ്യക്തമാക്കുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ്‌ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുന്നത്‌. തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കുന്ന ഈ രാജ്യങ്ങളില്‍നിന്നും ചെറുപ്പക്കാരടക്കം നിരവധി പേരാണ്‌ തൊഴില്‍ തേടി ഇന്ത്യയിലെത്തുന്നത്‌. എന്നാല്‍ തൊഴില്‍ തേടിയെത്തുന്ന വിദേശികളെ രാജ്യം കൈയൊഴിയുന്നില്ലെന്നും ഒരു വ്യക്തിയുടെ തന്നെ വിവിധങ്ങളായ കഴിവുകളെ പ്രയോജനപ്പെടുത്തുകയാണ്‌ ചെയ്യുന്നതെന്നും രത്നേഷ്‌ കുമാര്‍ വ്യക്തമാക്കി. ബാങ്കിംഗ്‌, ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, ഓട്ടോമൊബെയില്‍, ഫാര്‍മ, റീട്ടെയ്‌ല്‌ മേഖല എന്നിവയിലേക്കാണ്‌ കൂടുതല്‍ പേര്‍ എത്തിയിട്ടുള്ളത്‌. ഈ മേഖലകളില്‍ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ ഒരുവര്‍ഷം ഏകദേശം 1,25,00,000 രൂപയോളം ശമ്പളമായി കൈപ്പറ്റുന്നുണ്ട്‌. പ്രവൃത്തി മേഖലയില്‍ പരിചയസമ്പത്തുമായി എത്തുന്നവരെ മാനേജര്‍ മുതല്‍ വകുപ്പ്‌ തലവന്‍വരെയുള്ള പദവികളിലേക്കാണ്‌ തെരഞ്ഞെടുക്കുന്നത്‌. അതേസമയം, ആശയവിനിമയവും സംസ്കാര വൈവിധ്യവും ഇവര്‍ക്കിടയില്‍ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുന്നതായും രത്നേഷ്‌ വ്യക്തമാക്കുന്നു.
അനുഭവ സമ്പത്തുള്ള വൈദേശികരെ രാജ്യത്തിന്‌ ആവശ്യമുള്ള സമയമാണിത്‌. ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യം, ഊര്‍ജ്ജം എന്നീ മേഖലകളിലേയ്ക്കും ഓയില്‍, ഗ്യാസ്‌, ഓട്ടോമോട്ടീവ്‌ മേഖലകളിലേയ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള പ്രതിഭാധനരായ വ്യക്തികളെ നിയമിക്കുന്നത്‌ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക്‌ ഉപകാരപ്രദമായിരിക്കുമെന്ന്‌ ഗ്ലോബല്‍ ഹന്‍ഡ്‌ ഡയറക്ടര്‍ സുനില്‍ ഗോയല്‍ അറിയിച്ചു. 2008 ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം രാജ്യത്ത്‌ ഇത്തരത്തിലുള്ള സേവനങ്ങള്‍ വര്‍ധിക്കുകയാണെന്ന്‌ ടീം ലിസ്‌ വൈസ്‌ പ്രസിഡന്റ്‌ റിതുപര്‍ണ ചക്രവര്‍ത്തി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.