മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം തുടങ്ങി

Saturday 25 October 2014 11:35 pm IST

കാഞ്ഞങ്ങാട്: കടലോരത്തിന്റെ കരുത്തറിയിച്ച് അണിനിരന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും പാരമ്പര്യത്തിന്റെ പവിത്രത ജീവിതവ്രതമാക്കിയ ക്ഷേത്ര സ്ഥാനികരുടേയും സാനിധ്യത്തില്‍ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ഉജ്ജ്വല തുടക്കം.  സമ്മേളനം ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരാണ് കമ്മീഷനെ നിയമിച്ചത്. രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും കരുത്ത് പകരുന്ന മത്സ്യത്തൊഴിലാളി സമൂഹം ഇന്ന്  അവഗണനയിലാണെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. തീരദേശ സുരക്ഷ പരിപാലിക്കുന്ന മത്സ്യത്തൊഴിലാളികള്‍ സൈന്യത്തിന്റെ സേവനമാണ് ചെയ്യുന്നത്. ഇവരോടുള്ള അവഗണന രാജ്യദ്രോഹികള്‍ക്കാണ് ഗുണകരമാകുക. തീരദേശത്ത് വര്‍ദ്ധിച്ച് വരുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ജാഗ്രതക്കുറവും പ്രീണനനയത്തിന്റെ ഭാഗമായും സംഭവിച്ചതാണ്. മാറാട് കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ സര്‍ക്കാരിന്റെ സമീപനവും ഇത് വ്യക്തമാക്കുന്നത്.  കൃഷ്ണദാസ് പറഞ്ഞു. ഇന്ന് പ്രതിനിധി സമ്മേളനം മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ദാമോദരന്‍ ആര്‍കിടെക്ട് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡണ്ട് കെ.പ്രദീപ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രജനീഷ് ബാബു, സംസ്ഥാന സെക്രട്ടറിമാരായ ഭുവനേശന്‍, ഒ.എന്‍.ഉണ്ണിക്കൃഷ്ണന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പുരുഷോത്തമന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എന്‍.പി.രാധാകൃഷ്ണന്‍, കെ.ജി.രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് ശ്രീനിവാസന്‍,  ആര്‍എസ്എസ് ജില്ലാ സംഘചാലക് ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സുനില്‍ മാഹി സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.പി.ഉദയഘോഷ് നന്ദിയും പറഞ്ഞു. സമ്മേളനം ഇന്ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.