ഗതാഗതനിയന്ത്രണം ആരംഭിച്ചു

Sunday 9 October 2011 10:11 pm IST

കൊച്ചി: മെട്രോ റയില്‍ പദ്ധതിക്കായി പുനര്‍നിര്‍മിക്കുന്ന നോര്‍ത്ത്‌ മേല്‍പാലം ഇന്നലെ മുതല്‍ പൊളിച്ചുതുടങ്ങി. ഇന്നലെ രാവിലെ എട്ടുമണിയോടെ പൂജാകര്‍മങ്ങള്‍ക്കുശേഷമാണ്‌ നോര്‍ത്ത്‌ മേല്‍പാലത്തിനോടു ചേര്‍ന്ന്‌ തെക്കുഭാഗത്തുള്ള ചെറിയ പാലത്തിന്റെ പുനര്‍നിര്‍മാണജോലികള്‍ ആരംഭിച്ചത്‌.
പാലത്തിന്റെ കൈവരികള്‍ പൊളിക്കലാണ്‌ ഇന്നലെ നടന്നത്‌. രണ്ട്‌ സമാന്തര പാലങ്ങളും ഒരുമിച്ച്‌ പൊളിക്കാനായിരുന്നു തീരുമാനമെങ്കിലും ചിറ്റൂര്‍റോഡ്‌ ഉള്‍പ്പെടെയുള്ള ഇടറോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാലാണ്‌ തെക്കുഭാഗത്തെ സമാന്തരപാലം മാത്രം പൊളിക്കാന്‍ തീരുമാനിച്ചത്‌. കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷനാണ്‌ നോര്‍ത്ത്‌ പാലം പൊളിക്കുന്നത്‌. നോര്‍ത്ത്‌ മേല്‍പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഗതാഗതനിയന്ത്രണം ഞായറാഴ്ചയായതിനാല്‍ ഇന്നലെ സുഗമമായി നടന്നെങ്കിലും വിജയകരമാണോയെന്ന്‌ ഇന്നേ പറയാന്‍കഴിയൂ. കലൂര്‍ഭാഗത്തുനിന്നും നഗരത്തിനകത്തേക്കുള്ള വാഹനങ്ങള്‍ക്കുമാത്രമാണ്‌ നിലവില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്‌.
ഇതനുസരിച്ച്‌ ഇടപ്പള്ളി ഭാഗത്തുനിന്നുള്ള ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ചെറു ചരക്കുവാഹനങ്ങള്‍ എന്നിവ പാലാരിവട്ടംവഴിയോ തമ്മനംവഴിയോ കലൂര്‍ സ്റ്റേഡിയംവഴിയോ കാരണക്കോടം ജംഗ്ഷനിലെത്തി തമ്മനം, പുല്ലേപ്പടി റോഡിലൂടെയോ ആണ്‌ എംജി റോഡില്‍ പ്രവേശിക്കേണ്ടത്‌. അല്ലെങ്കില്‍ കലൂരില്‍നിന്ന്‌ ഇടത്തോട്ടുതിരിഞ്ഞ്‌ കതൃക്കടവ്‌ റയില്‍വേ അണ്ടര്‍പാസ്‌വഴി തമ്മനം പുല്ലേപ്പടി പാലമിറങ്ങി ഇടത്തോട്ട്‌ തിരിഞ്ഞ്‌ സി പി ഉമ്മര്‍റോഡ്‌, രാജാജി റോഡ്‌ വഴി എംജി റോഡില്‍ എത്തണം. ആലുവ ഭാഗത്തുനിന്നും നഗരത്തിലേക്കുള്ള ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക്‌ കളമശ്ശേരി ഹൈവേ ഓവര്‍ ബ്രിഡ്ജിന്‌ അടിയിലൂടെ കണ്ടെയ്നര്‍ റോഡ്‌വഴി ഹൈക്കോടതി ഭാഗത്തേക്കും തിരിച്ചും പോകണം. കലൂര്‍-ഇടപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നോര്‍ത്ത്‌ പാലംവഴി ഇപ്പോഴുള്ള രീതിയില്‍തന്നെ പോകുംവിധത്തിലാണ്‌ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.