ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനം അനധികൃത പാര്‍ക്കിങ് കേന്ദ്രമായി മാറുന്നു

Sunday 26 October 2014 10:05 pm IST

ഏറ്റുമാനൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര മൈതാനം അനധികൃത പാര്‍ക്കിങ് മൈതാനമായി മാറി. ക്ഷേത്രത്തല്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യത്തിനായി തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വരുന്നവരുടെ സുരക്ഷിത പാര്‍ക്കിങ് കേന്ദ്രമായി മാറി. ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു മുന്നോടിയായി ദേവസ്വം ബോര്‍ഡ് ചെയ്തുതീര്‍ക്കേണ്ട അത്യാവശ്യ കാര്യങ്ങളില്‍ പലതും താറുമാറായിരിക്കുകയാണ്. ഈ അവസരത്തിലാണ് പാര്‍ക്കിങ് വെല്ലുവിളിയായി ഉയര്‍ന്നുവരുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള പാര്‍ക്കിങ് കേന്ദ്രം ഇപ്പോള്‍ ഒരു സ്വകാര്യ ആവശ്യത്തിനായെത്തുന്ന ആളുകളുടെ വാഹന പാര്‍ക്കിങ് ഏരിയയായി മാറിയിട്ട് നാളുകളായി. അവധിദിനങ്ങളിലും ഇവിടെ പാര്‍ക്കിങ് പതിവാണ്. ഇതിനാല്‍ ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ മതിയായ സ്ഥലസൗകര്യമില്ലാതെ വരുന്നു. ശബരിമല ഇടത്താവളമായ ഏറ്റുമാനൂരില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ ബാഹുല്യം കൂടിയാകുമ്പോള്‍ ഈ മൈതാനം മതിയാകാതെ വരും. ക്ഷേത്രത്തിനു സമീപമുള്ള റോഡുകളുടെയും ഓടകളുടെയും നവീകരണം ഹിന്ദുസംഘടനകളുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. ഈ പണികള്‍ അടിയന്തരമായി ചെയ്തുതീര്‍ത്തില്ലെങ്കില്‍ ശബരിമല തീര്‍ത്ഥാടനക്കാലം ഏറ്റുമാനൂരിന് ഒരു തലവേദനയായി മാറും. ക്ഷേത്രത്തില്‍ നിരവധി പരിമിതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വികസനവും ശുചിത്വവും മുന്‍നിര്‍ത്തി നിരവധി പ്രോജക്ടുകള്‍ നടപ്പാക്കമെന്ന് ക്ഷേത്രം അഡ്മിനസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ്. രാജന്‍ പറഞ്ഞു. ക്ഷേത്രം മൈതാനത്തെ അനധികൃത പാര്‍ക്കിങ് നിരോധിക്കണമെന്നും ഭക്തര്‍ക്കുമാത്രമായി പാര്‍ക്കിങ് അനുവദിക്കണമെന്നും വിശ്വിഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ദേവസ്വം അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. ഓടനിര്‍മ്മാണം ഇഴയുന്നു: ഗതാഗതക്കുരുക്ക് നിത്യം ഏറ്റുമാനൂര്‍: ഇപ്പോള്‍ പേരൂര്‍ക്കവലയില്‍ ആറാട്ടുമണ്ഡപത്തിനു മുന്നില്‍ പണിതുകൊണ്ടിരിക്കുന്ന ഓടയുടെ പുനര്‍ നിര്‍മ്മാണം ഇഴയുന്നത് പലപ്പോഴും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ക്ഷേത്രത്തിലേക്കും ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയിലൂടെയും വാഹനങ്ങള്‍ ഞെങ്ങി ഞെരുങ്ങിയാണ് കടന്നുപോകുന്നത്. കിഴക്കന്‍ മേഖലകളില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗികളുമായി പോകുന്ന പ്രധാന റോഡുമിതാണ്. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും രോഗികളെയും കൊണ്ടെത്തുന്ന ആംബുലന്‍സ് അടക്കമള്ള വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് തടസ്സമാകുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.