രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല: പൂര്‍വ്വ സൈനിക് സേവാ പരിഷത്ത്

Sunday 26 October 2014 10:37 pm IST

കൊട്ടാരക്കരയില്‍ നടന്ന സമാപന സമ്മേളനം അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി
വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ഭാരതത്തിന് അകത്തുനിന്നും പുറത്തു നിന്നും ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തില്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കൊട്ടാരക്കരയില്‍ നടന്ന അഖില ഭാരതീയ പൂര്‍വ്വസൈനിക് സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

ശത്രുക്കളില്ലാത്ത അയല്‍പക്കമാണ് നമ്മള്‍ ആഗ്രഹിക്കുന്നതെങ്കിലും അയല്‍ക്കാര്‍ക്ക് ആ കാഴ്ചപാടല്ല ഉള്ളതന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. രാജ്യസുരക്ഷയെന്നാല്‍ ഭൗമികസുരക്ഷ, ജല, ഭക്ഷ്യ, സാമ്പത്തിക, ഊര്‍ജ്ജ, പൗര, പാരിസ്ഥിതിക, സൈബര്‍, മാധ്യമ, രാഷ്ട്രീയ സുരക്ഷകളുടെ ആകെ തുകയാണ്. ഇത് ഉറപ്പാക്കാന്‍ ഭരിക്കുന്നവരിലുള്ള വിശ്വാസവും ഭരണാധികാരികള്‍ക്ക് ഇവ പ്രാവര്‍ത്തികമാക്കാനുള്ള ചുമതലാബോധവും ആവശ്യമാണ്. പുതിയ സര്‍ക്കാരിന് ഇവ കഴിയുമെന്നുള്ളത് ആശാവഹമാണ്.

ആന്തരിക ബാഹ്യസുരക്ഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അര്‍ദ്ധസൈനികര്‍, പോലീസ്, സൈന്യം എന്നിവ പരസ്പര പൂരകങ്ങളായതിനാല്‍ ഏകമനസോടെ പ്രവര്‍ത്തിക്കണം. രാജ്യത്തിനകത്ത് ശക്തി പ്രാപിക്കുന്ന ചെറു ന്യൂനപക്ഷമായ ഭീകരവാദികളെ കണ്ടെത്താനും ഇത് ഉപകരിക്കും. സൈനികര്‍ക്കും പൗരന്‍മാര്‍ക്കും മനോവീര്യം പകരാനും അനിവാര്യഘട്ടത്തില്‍ പ്രതിരോധത്തിന്റ രണ്ടാം നിര ഒരുക്കാനും പൂര്‍വ്വ സൈനികര്‍ തയ്യാറാണ്. കൃഷിയില്‍കൂടി ഭക്ഷ്യസുരക്ഷയും മരം നടീലില്‍കൂടി പാരിസ്ഥിക സുരക്ഷയും അതിര്‍ത്തിഗ്രാമങ്ങളിലെ സൈനികരെ സഹായിക്കുക വഴി ഭൗമികസുരക്ഷയും ഉറപ്പാക്കാം എന്ന് പ്രമേയം പറയുന്നു.

സൈനികരുടെയും പൂര്‍വ്വ സൈനികരുടെയും പരാതികളും വേവലാതികളും തുറന്ന മനസോടെ സൈനികര്‍ ആവശ്യപെടാതെ തന്നെ നിറവേറ്റണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സൈന്യം സജ്ജമാകുന്നതിനൊപ്പം  അവര്‍ക്ക് പിന്‍ബലവും ആത്മ വിശ്വാസവും നല്‍കുന്ന പൗര സമൂഹം ഉയര്‍ന്നുവരണം. രാജ്യരക്ഷയുടെ പ്രധാന ഘടകം ഇതാണന്നും പ്രമേയം പറയുന്നു.

ഇതോടെ രണ്ട് ദിവസമായി കൊട്ടാരക്കരയില്‍ നടന്നുവന്ന അഖില ഭാരതീയ പൂര്‍വ്വസൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് സമാപനമായി. ഭാസ്‌കരദ്യുതിയില്‍ നടന്ന സമാപന സമ്മേളനം അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി വിജയകുമാര്‍ജി ഉദ്ഘാടനം ചെയ്തു. കമാണ്ടന്റ് കെ.ആര്‍.സി.നായര്‍ അദ്ധ്യക്ഷനായിരുന്നു. രാജ്യസുരക്ഷ, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ പ്രമേയാവതരണം നടന്നു. ചര്‍ച്ചക്ക് സംഘടന സെക്രട്ടറി കെ.സേതുമാധവന്‍ നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറി മൗട്ടത്ത് മോഹനന്‍ ഉണ്ണിത്താന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് മധു വട്ടവിള നന്ദിയും പറഞ്ഞു.

ഭാരവാഹികളായി വൈസ് അഡ്മിറല്‍ സുശീല്‍, മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍, എയര്‍മാര്‍ഷല്‍ എസ്.രാധാകൃഷ്ണന്‍ (മുഖ്യരക്ഷാധികാരി), കേണല്‍ പി.എന്‍. ആയില്യത്ത്, കേണല്‍ പി.കെ.വി. പണിക്കര്‍, മേജര്‍ കെ.പി.ആര്‍. കുമാര്‍ (രക്ഷാധികാരി), കേണല്‍ കെ. രാമദാസന്‍ (പ്രസിഡന്റ്), കേണല്‍ ആര്‍.ജി. നായര്‍, കേണല്‍ കെ.ആര്‍.സി. നായര്‍ (വൈസ് പ്രസിഡന്റ്), വേലായുധന്‍ കളരിക്കല്‍, കമാണ്ടര്‍ മോഹനന്‍പിള്ള (ജനറല്‍ സെക്രട്ടറി), ശിവദാസന്‍ (ട്രഷറര്‍), കേണല്‍ വേണുഗോപാല്‍, കേണല്‍ രഘുനാഥന്‍, കെ. സുധാകരന്‍, ജയരാജന്‍, ധനപാലന്‍, എ.കെ. രാമകൃഷ്ണന്‍, മോഹനന്‍ ഉണ്ണിത്താന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.