പുതിയ പമ്പുകള്‍ തുടങ്ങുന്നതിനുള്ള ഓയില്‍ കമ്പനികളുടെ നീക്കം വിവാദമാകുന്നു

Sunday 9 October 2011 10:41 pm IST

കൊച്ചി: സംസ്ഥാനത്ത്‌ പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുവാനുള്ള ഓയില്‍ കമ്പനികളുടെ നീക്കത്തിന്‌ പിന്നില്‍ ദുരൂഹത. കഴിഞ്ഞ സപ്തംബര്‍ മാസത്തിലും ഈ മാസം ആദ്യവുമായി 1087 പുതിയ പെട്രോള്‍ പമ്പുകള്‍ക്കാണ്‌ ഓയില്‍ കമ്പനികള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. സംസ്ഥാനത്ത്‌ പുതിയ പമ്പുകള്‍ ആരംഭിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്‌. വിശദമായ സാധ്യതാപഠനത്തിനും സ്ഥലത്തെ കച്ചവട സാധ്യതകള്‍ വിലയിരുത്തിയും വേണം പുതിയ പമ്പുകള്‍ സ്ഥാപിക്കാനെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ്‌ ഓയില്‍ കമ്പനികള്‍ മത്സരബുദ്ധിയോടെ പുതിയ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്‌ എന്നാണ്‌ ആക്ഷേപം.
നിലവില്‍ സംസ്ഥാനത്ത്‌ 2000ല്‍പ്പരം പെട്രോള്‍ പമ്പുകളാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. ഇതില്‍ 80 ശതമാനം പമ്പുകളിലും പ്രതിമാസം ശരാശരിയില്‍ താഴെ മാത്രം വില്‍പ്പനയുള്ളതിനാല്‍ സാമ്പത്തിക നഷ്ടത്തിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. 2005 ല്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്മെന്റ്‌ നടത്തിയ പഠനത്തില്‍ മാസം 1,50,000 ലിറ്റര്‍ ഇന്ധനമെങ്കിലും വില്‍പ്പന നടത്തിയില്ലെങ്കില്‍ പെട്രോള്‍ പമ്പുകള്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല എന്നാണ്‌ സൂചിപ്പിക്കുന്നത്‌. പുതുതായി ഈ രംഗത്തേക്ക്‌ കടന്നുവരുന്നവര്‍ക്ക്‌ വന്‍ സാമ്പത്തിക നഷ്ടമായിരിക്കും ഇതുമൂലം സംഭവിക്കുക.
പുതുതായി 1087 പമ്പുകള്‍ തുടങ്ങുവാന്‍ 500 കോടിയോളം രൂപ ഓയില്‍ കമ്പനികളും മുടക്കേണ്ടിവരും. പ്രതിമാസം അഞ്ച്‌ കോടി ലിറ്റര്‍ പെട്രോള്‍, ഡീസല്‍ അധിക വില്‍പ്പനയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. എന്നാല്‍ പുതിയ പമ്പുകള്‍ ആരംഭിക്കുന്നതിലൂടെ മാത്രം വില്‍പ്പന വര്‍ധിക്കുമെന്ന കമ്പനികളുടെ കണക്കുകൂട്ടല്‍ അസ്ഥാനത്താണ്‌. അങ്ങനെ സംഭവിച്ചാല്‍തന്നെ പെട്രോള്‍ ലിറ്ററിന്‌ മൂന്ന്‌ രൂപയും ഡീസലിന്‌ നാല്‌ രൂപയും നഷ്ടമുണ്ടെന്ന്‌ കാണിച്ച്‌ വില്‍പ്പന നടത്തുന്ന കമ്പനികള്‍ക്ക്‌ പ്രതിമാസം 15 കോടിയുടെ അധികനഷ്ടമായിരിക്കും ഫലമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സ്ഥലവില ഉള്‍പ്പെടെ ഒരുകോടിയോളം രൂപയാണ്‌ പുതിയ പമ്പുകള്‍ തുടങ്ങുവാനുള്ള മുതല്‍മുടക്ക്‌. പമ്പുകള്‍ തുടങ്ങുന്നതിനുള്ള കരാര്‍ വ്യവസ്ഥയനുസരിച്ച്‌ നഷ്ടത്തിന്റെ പേരിലായാല്‍പോലും അവ നിര്‍ത്തലാക്കിയാല്‍ അതേ സ്ഥലത്ത്‌ 24 മണിക്കൂറിനകം പുതിയ ഡീലറെ നിയമിക്കുവാന്‍ വ്യവസ്ഥയുണ്ട്‌. ഓയില്‍ കമ്പനികള്‍ തയ്യാറാക്കിയിട്ടുള്ള ഏകപക്ഷീയമായ കരാറനുസരിച്ച്‌ പുതിയ ഡീലറെ നിയമിക്കുന്നതോടെ ആദ്യം പണം മുടക്കിയ ആള്‍ക്ക്‌ ലക്ഷങ്ങള്‍ വിലവരുന്ന സ്ഥലം ഇതോടെ നഷ്ടപ്പെടുകയും ചെയ്യും.
നിലവില്‍ത്തന്നെ ആവശ്യത്തിലേറെ പമ്പുകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ വസ്തുത അംഗീകരിച്ച്‌ പുതിയ പമ്പുകള്‍ നിയന്ത്രിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവും നിലവിലുണ്ട്‌. ഒരു ശതമാനം ബാഷ്പീകരണനഷ്ടം, വൈദ്യുതി, പലിശ, വേതനം, കേന്ദ്ര നികുതികള്‍ ഇവ കഴിച്ച്‌ പെട്രോള്‍ ലിറ്ററിന്‌ 10 പൈസയും ഡീസലിന്‌ 15 പൈസയും മാത്രമാണ്‌ പമ്പുടമകള്‍ക്ക്‌ ലഭിക്കുന്ന ലാഭമെന്ന്‌ ഓള്‍ കേരളാ പെട്രോളിയം ട്രേഡേഴ്സ്‌ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എം.രാധാകൃഷ്ണന്‍ പറയുന്നു.
എം.കെ.സുരേഷ്‌ കുമാര്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.