മന്ത്രവാദത്തിനിരയായി വിദ്യാര്‍ഥിനി മരിച്ച സംഭവം; പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍

Monday 27 October 2014 1:48 pm IST

പത്തനംതിട്ട: മന്ത്രവാദത്തിനിടെ കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനി ആതിര (19) മരിച്ച സംഭവത്തിലാണ് പെണ്‍കുട്ടിയടെ അമ്മയായ കുമ്പളാത്താമണ്‍ കലശക്കുഴിയില്‍ പ്രസന്നന്റെ ഭാര്യ ഉഷകുമാരി (40) യെ പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിന്റെ തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്. പത്തനംതിട്ട സിഐ എം ആര്‍ മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച വൈകിട്ട് ഉഷാ കുമാരിയെ അറസ്റ്റ് ചെയ്യത്. മന്ത്രവാദവുമായി ബന്ധപ്പെട്ട സാധന സാമഗ്രികള്‍, പൂക്കള്‍, തുണികള്‍ എന്നിവ ഇവര്‍ നശിപ്പിച്ചതായി പൊലീസ് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് അച്ഛന്‍ പ്രസന്ന കുമാര്‍, ഇദ്ദേഹത്തിന്റെ സഹോദരനും ഡിസിസി ഓഫീസ് സെക്രട്ടറിയുമായിരുന്ന വത്സലന്‍, മരുമകന്‍ മിതോഷ്, ബന്ധു വിക്രമന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ റിമാന്റിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ 46 മുറിവുകളുണ്ടെന്ന് കണ്ടെത്തി. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.