തോല്‍വി ഭയന്ന്‌ കോണ്‍ഗ്രസ്‌; ചരിത്രപരമെന്ന്‌ ബിജെപി

Sunday 9 October 2011 10:44 pm IST

ന്യൂദല്‍ഹി: ഹരിയാനയിലെ ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ പരാജയഭീതി. അതേസമയം തെരഞ്ഞെടുപ്പ്‌ ചരിത്രപരമാണെന്ന്‌ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു."ഹിസാറിലേത്‌ വെറുമൊരു ഉപതെരഞ്ഞെടുപ്പല്ല. രാജ്യത്തിന്റെ രാഷ്ട്രീയത്തിലെ ചരിത്രമായി മാറുന്ന തെരഞ്ഞെടുപ്പാണിത്‌" ബിജെപി പിന്തുണയോടെ മത്സരിക്കുന്ന ഹരിയാന ജനഹിത്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി കുല്‍ദീപ്‌ ബിഷ്ണോയുടെ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.
രാജ്യത്ത്‌ അഴിമതിയുടെ പ്രോത്സാഹകരാണ്‌ കോണ്‍ഗ്രസ്‌. ഹിസാറില്‍ കോണ്‍ഗ്രസ്‌ തൂത്തെറിയപ്പെടുമെന്ന്‌ ഉറപ്പാക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാകണമെന്ന്‌ ഗഡ്കരി ആവശ്യപ്പെട്ടു. അണ്ണാ ഹസാരെയും സംഘവും തയ്യാറാക്കിയ ജന്‍ലോക്പാല്‍ ബില്ലിന്‌ ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന്‌ ഗഡ്കരി ആവര്‍ത്തിച്ചു. യോഗ ഗുരു ബാബ രാംദേവിനെതിരെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അതിക്രമമാണ്‌ കാട്ടിയതെന്ന്‌ യോഗത്തില്‍ പ്രസംഗിച്ച പ്രതിപക്ഷ നേതാവ്‌ സുഷമാസ്വരാജ്‌ പറഞ്ഞു. രാംദേവിന്റെയും ഹസാരെയുടെയും ത്യാഗം വൃഥാവിലാവാതിരിക്കാന്‍ കോണ്‍ഗ്രസിനെ പിഴുതെറിയണമെന്നും സുഷമ ജനങ്ങളോട്‌ ആഹ്വാനം ചെയ്തു.
അണ്ണാ ഹസാരെയും സംഘവും മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌വിരുദ്ധ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്‌. മണ്ഡലത്തിലെ വിജയം ഉറപ്പാണെന്ന്‌ അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ്‌ ഇപ്പോള്‍ നിലപാട്‌ മാറ്റിയിട്ടുണ്ട്‌. ഹിസാര്‍ ഉപതെരഞ്ഞ്പ്പിന്‌ ദേശീയ പ്രാധാന്യമൊന്നും ഇല്ലെന്നാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോള്‍ പറയുന്നത്‌. ഹരിയാനയിലെ 10 ലോക്സഭാ മണ്ഡലങ്ങളില്‍ ഹിസാര്‍ ഒഴികെ ഒമ്പതും കോണ്‍ഗ്രസിനാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.