ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ പൂട്ടിയിട്ട്‌ ആശുപത്രിജീവനക്കാര്‍ മുങ്ങി

Sunday 9 October 2011 10:51 pm IST

തിരുവനന്തപുരം: ചികിത്സയ്ക്ക്‌ എത്തിയ വീട്ടമ്മയെ ആശുപത്രിക്കുള്ളിലാക്കിയ ശേഷം വാതിലും പൂട്ടി ജീവനക്കാര്‍ മുങ്ങി. ഞായറാഴ്ച രാവിലെ 11ന്‌ വര്‍ക്കല ഇടവ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ വെണ്‍കുളം വേടന്‍കുന്നില്‍ രവീന്ദ്രന്‍നായരുടെ ഭാര്യ സരസ്വതിഅമ്മ(53)യ്ക്കാണ്‌ ഈ ദുരനുഭവമുണ്ടായത്‌.
ശ്വാസംമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇവര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്‌. ഡ്യൂട്ടിഡോക്ടര്‍ ഇവര്‍ക്ക്‌ ഇഞ്ചക്ഷനും ആവി പിടിക്കുന്നതിനും രക്തപരിശോധനയ്ക്കും നിര്‍ദ്ദേശിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശവുമായി ഡ്യൂട്ടി നഴ്സിനടുത്തെത്തിയ ഇവരുടെ രക്തം പരിശോധനയ്ക്കെടുക്കുകയും മാസ്ക്‌ ഘടിപ്പിച്ച്‌ ആവി പിടിക്കുകയും ചെയ്തു. ഇഞ്ചക്ഷന്‍ പിന്നീട്‌ നല്‍കാമെന്നും പറഞ്ഞു. ആവിപിടിക്കല്‍ കഴിഞ്ഞ്‌ മാസ്ക്കെടുക്കാന്‍ നോക്കുമ്പോള്‍ നഴ്സിനെ കാണാനില്ല. ഒരുവിധത്തില്‍ സരസ്വതിഅമ്മ തന്നെ മാസ്ക്‌ എടുത്തുമാറ്റി പുറത്തു ഹാളില്‍ വന്നുനോക്കുമ്പോള്‍ തന്നെ ഉള്ളിലാക്കി ഗേറ്റും പൂട്ടി ജീവനക്കാര്‍ ഒന്നടങ്കം സ്ഥലം വിട്ടതായാണ്‌ കണ്ടത്‌.
കുറച്ചുകഴിഞ്ഞ്‌ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രണ്ടു ചെറുപ്പക്കാരാണ്‌ സരസ്വതിഅമ്മയെ കണ്ടത്‌. ഇവര്‍ പ്രദ്ദേശവാസികളെ അറിയിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന്‌ നാട്ടുകാര്‍ ആശുപത്രിപരിസരത്ത്‌ തടിച്ചുകൂടുകയും ചെയ്തു. വിവരമറിഞ്ഞ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ബാലിക്‌ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു അസിസ്റ്റന്റ്‌ മെയില്‍ നഴ്സ്‌ താക്കോലുമായി എത്തുകയും ചെയ്തു. എന്നാല്‍ ഇയാളെ ഗേറ്റു തുറക്കുവാന്‍ അനുവദിക്കില്ലെന്നും ഡിഎംഒ എത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ വര്‍ക്കല കഹാര്‍ എംഎല്‍എ നാട്ടുകാരുമായി സംസാരിക്കുകയും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടശേഷം കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്തു. തുടര്‍ന്ന്‌ പോലീസിനോട്‌ സരസ്വതി അമ്മയുടെ മൊഴി എടുക്കാന്‍ നിര്‍ദ്ദേശിച്ചു. മൊഴി രേഖപ്പെടുത്തിയശേഷം ഗേറ്റുതുറന്ന്‌ പുറത്തിറക്കുകയായിരുന്നു.
കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്ന്‌ ഡിഎംഒ അറിയിച്ചതായി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ബാലിക്‌ പറഞ്ഞു. ആശുപത്രിയിലെ മുടങ്ങിയ ഐപി യൂണിറ്റ്‌ ഉടന്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ വര്‍ക്കല കഹാര്‍ എംഎല്‍എ പറഞ്ഞു. ഒരു സഹപ്രവര്‍ത്തകന്റെ ബന്ധുവിന്റെ മരണത്തില്‍ പങ്കെടുക്കാനാണ്‌ തങ്ങള്‍ ആശുപത്രി പൂട്ടി പോയതെന്ന്‌ ജീവനക്കാര്‍ പറയുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ രണ്ടുമണിയോടെ ഏതാനും ജീവനക്കാര്‍ തിരിച്ചെത്തി. ഞായറാഴ്ചകളില്‍ ആശുപത്രി 9 മുതല്‍ 12 വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്നാണ്‌ പ്രദ്ദേശവാസികള്‍ പറയുന്നത്‌. മറ്റുദിവസങ്ങളില്‍ 8 മുതല്‍ ഒന്നുവരെയും. 3 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 24 ജീവനക്കാര്‍ ഇടവ പിഎച്ച്സിയിലുണ്ട്‌.
വര്‍ക്കല സുനില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.