കൊച്ചി: ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്ക്കാരം ലഭിച്ച തപസ്യ കലാസാഹിത്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ കവി എസ്. രമേശന് നായരെ അനുമോദിക്കുന്ന ‘രമ്യസന്ധ്യ’ നാളെ വൈകിട്ട് 5.30ന് എളമക്കര ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തപസ്യ കലാസാഹിത്യവേദിയും ബാലഗോകുലവും സംയുക്തമായി നടത്തുന്ന പരിപാടി പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. ഡോ. എം. ലീലാവതി, സത്യന് അന്തിക്കാട്, നെടുമുടിവേണു, ഗായിക പി. സുജാത, ഗോകുലം ഗോപാലന്, ബേബിമാത്യു സോമതീരം, പി.ഇ.ബി. മേനോന്, എം.എ. കൃഷ്ണന് എന്നിവര്‍ ആശംസാപ്രസംഗം നടത്തും.
തുടര്‍ന്ന് എസ്. രമേശന് നായരുടെ ചലച്ചിത്ര, ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘ഗാനസന്ധ്യ’ അരങ്ങേറും. കെ.ജി. ജയന്, എം. ജയചന്ദ്രന്, വിദ്യാധരന്, ടി.എസ്. രാധാകൃഷ്ണന്, ബേണി-ഇഗ്നേഷ്യസ്, ബിജിപാല്‍, കൃഷ്ണന് ചന്ദ്രന്, മധുബാലകൃഷ്ണന്, മനോജ് കെ.ജയന്, കെ.എം. ഉദയന്‍, മോഹന്‍ സിത്താര, വിധുപ്രതാപ്, ശങ്കരന് നമ്പൂതിരി, അനൂപ് ശങ്കര്‍, ഗണേഷ് സുന്ദരം, ദേവദാസ് ജ്യോത്സ്ന, സിത്താര, ചിത്ര അരുണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.
പത്രസമ്മേളനത്തില്‍ തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ് പി.ഐ. തമ്പി, സെക്രട്ടറി എസ്. സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: