അദ്വാനിയുടെ ജനചേതനായാത്രയില്‍ കള്ളപ്പണം മുഖ്യവിഷയമാകും

Sunday 9 October 2011 10:55 pm IST

ന്യൂദല്‍ഹി: അഴിമതിക്കെതിരായി താന്‍ നടത്തുന്ന 'ജനചേതനായാത്ര'യില്‍ കള്ളപ്പണവും പ്രധാന വിഷയമാക്കുമെന്ന്‌ എല്‍.കെ. അദ്വാനി. "രാജ്യത്ത്‌ നിലനില്‍ക്കുന്ന വന്‍ അഴിമതിയും വിലക്കയറ്റവും ദാരിദ്ര്യവുമാണ്‌ യാത്രയില്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്‌. ഒപ്പം വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണ പ്രശ്നവും ശക്തമായി ഉന്നയിക്കും," നാളെ ആരംഭിക്കാനിരിക്കുന്ന യാത്രക്ക്‌ ആശംസ നേരാന്‍ എത്തിയവരോട്‌ സംസാരിക്കുകയായിരുന്നു അദ്വാനി.
വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തെ ഒരു ദേശീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നത്‌ അദ്വാനിയായിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മുഖ്യ തെരഞ്ഞെടുപ്പ്‌ വിഷയങ്ങളില്‍ ഒന്ന്‌ ഇതായിരുന്നു. "വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ച്‌ സ്വിസ്‌ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തെക്കുറിച്ച്‌ വര്‍ഷങ്ങളേറെയായി ഞാന്‍ പറയുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത്‌ സ്വിറ്റ്സര്‍ലന്റ്‌ സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പണം നല്‍കാനോ അതിനെക്കുറിച്ചുള്ള വിവരം നല്‍കാനോ നിയമപരമായി കഴിയില്ലെന്നാണ്‌ സ്വിസ്‌ സര്‍ക്കാര്‍ അന്ന്‌ രേഖാമൂലം അറിയിച്ചത്‌.
എന്നാല്‍ പിന്നീട്‌ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ നിയമം ഭേദഗതി ചെയ്യുകയും നിക്ഷേപവിവരങ്ങള്‍ രാജ്യങ്ങള്‍ക്ക്‌ സ്വിസ്‌ സര്‍ക്കാര്‍ കൈമാറുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒരു വിഷയമാക്കുന്നതിന്‌ മുമ്പ്‌ ഞാന്‍ പ്രധാനമന്ത്രിക്ക്‌ എഴുതിയിരുന്നു. അമേരിക്കയും ജര്‍മനിയും മറ്റും സ്വിസ്‌ ബാങ്കുകളിലുണ്ടായിരുന്ന പണം തിരിച്ചുകൊണ്ടുപോകാമെങ്കില്‍ ഇന്ത്യക്ക്‌ എന്തുകൊണ്ട്‌ സാധിക്കില്ല എന്ന മന്‍മോഹന്‍സിംഗിനോട്‌ ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വിസ്‌ അധികൃതരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി ഒന്നുംചെയ്തില്ല. സ്വിസ്‌ ബാങ്ക്‌ നിക്ഷേപം ഉള്ള ഇന്ത്യക്കാരുടെ പേരെങ്കിലും വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അത്‌ നമ്മുടെ അവകാശമാണ്‌. അതിനുപോലും പ്രധാനമന്ത്രി തയ്യാറായില്ല," അദ്വാനി പറഞ്ഞു.
സോണിയാഗാന്ധിയുടെ നേതൃത്വത്തിന്‍കീഴില്‍ പ്രധാനമന്ത്രി പ്രവര്‍ത്തിക്കുമ്പോള്‍ പ്രശ്നം മുന്‍പത്തേതിനേക്കാള്‍ വഷളായി. "രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം കൂടിയേ ഉള്ളൂ. എല്ലാ ദിവസവും പുതിയ പുതിയ അഴിമതിക്കഥകളാണ്‌ പുറത്തുവരുന്നത്‌," അദ്വാനി പറഞ്ഞു.
ലോകത്തിലെ ഒന്നാമത്തെ രാജ്യമായിത്തീരാനുള്ള എല്ലാവിധ വിഭവങ്ങളും സാധ്യതകളും ഇന്ത്യക്ക്‌ ഉണ്ട്‌ എന്നത്‌ ബോധ്യപ്പെടുത്തി രാജ്യത്തെ ഉണര്‍ത്തുകയാണ്‌ തന്റെ യാത്രയുടെ ലക്ഷ്യമെന്നും അദ്വാനി വ്യക്തമാക്കി.
സ്വാതന്ത്ര്യം ലഭിച്ച്‌ 64 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത്‌ അങ്ങേയറ്റം പട്ടിണി നിലനില്‍ക്കുന്നു എന്നതും അഴിമതി കൊടികുത്തിവാഴുന്നു എന്നതും സഹിക്കാനാവുന്നതല്ല. അതുപോലെതന്നെ കള്ളപ്പണപ്രശ്നവും സഹിക്കാവുന്നതല്ല," അദ്വാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.