എംജി സര്‍വ്വകലാശാല: സ്വാശ്രയകോളജ് അദ്ധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്

Monday 27 October 2014 10:34 pm IST

കോട്ടയം: അധ്യാപകരുടെ യോഗ്യത സംബന്ധിച്ചും സ്വാശ്രയ കോളജുകളുടെ സാമ്പത്തികനില ഉയര്‍ത്തിക്കാട്ടിയും അധ്യാപകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എംജി സര്‍വ്വകലാശാലയിലെ ഒരുവിഭാഗം ജീവനക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് നിഷേധിക്കുകയാണെന്ന് സെല്‍ഫ് ഫിനാന്‍സ് കോളജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. വിവിധ സ്വാശ്രയ കോളജുകളിലായി 550 ഓളം അധ്യാപകരാണ് സര്‍വ്വകലാശാലയുടെ കീഴില്‍ ജോലി ചെയ്യുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തി ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് അധ്യാപകരെ കോളജുകളില്‍ നിയമിച്ചത്. എല്ലാ സംവരണതത്വങ്ങളും പാലിച്ച് നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് തുഛമായ വേതനം ലഭിക്കുമ്പോള്‍ സര്‍വ്വകലാശാല ജീവനക്കാര്‍ വന്‍ തുകയാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി വാങ്ങിച്ചെടുക്കുന്നത്. സര്‍വ്വകലാശാലയുടെ നിയന്ത്രണത്തിലുടെ സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് യുജിസി നിര്‍ദേശിക്കുന്ന ശമ്പളം നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരും എംജി സിന്‍ഡിക്കേറ്റും തീരുമാനമെടുത്തിരുന്നു. സ്വാശ്രയ കോളജുകളില്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം അധ്യാപക പരിചയമുള്ളവരെ കരാര്‍ അധ്യാപരെന്ന് മുദ്രകുത്തി അധികൃതര്‍ അപമാനിക്കുകയാണ്. അധ്യാപകരുടെ ശമ്പള നിരക്ക് സംബന്ധിച്ച് ഹൈക്കോടതിയുടെ പല ഉത്തരവുകളും പാലിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ വഹാബ്, റ്റി.പി. ജയചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.