ചിറക്കല്‍(കണ്ണൂര്‍): ശബരിമല മുന്‍ മേല്‍ശാന്തിയും പ്രമുഖ ആധ്യാത്മികാചാര്യനുമായ ചെറുതാഴത്ത് കാരഭട്ടതിരി ഇല്ലത്ത് കെ.എം.കേശവന് ഭട്ടതിരി(75) ചിറക്കലിലെ സ്വവസതിയില്‍ അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. മലബാറിലെ മഹാക്ഷേത്രങ്ങളായ ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പൂര്‍ണ്ണമായും ക്ഷേത്രവൃത്തിയില് വ്യാപൃതനായിരുന്നുവെങ്കിലും സാഹിത്യ രംഗത്തും ആധ്യാത്മിക സാംസ്ക്കാരികരംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്നു. നിരവധി ലേഖനങ്ങളും ‘ശരണാരവങ്ങള്‍ ഉയരുമ്പോള്‍’, കൊട്ടിയൂരിന്റെ പുരാവൃത്തം, ഒര് ഇതിഹാസ പുരുഷന്റെ കഥ, നിരവധി കവിതകള്‍ എന്നിവ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി ഇരുപതോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ച അദ്ദേഹം പല ആധ്യാത്മിക സംഘടനകള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. മികച്ച പ്രഭാഷകന്‍ കൂടിയായിരുന്നു കേശവന് ഭട്ടതിരി. തിടമ്പു നൃത്തത്തിനു നല്കിയ സംഭാവന മാനിച്ച് കേരള ഫോക്ലോര് അക്കാദമി അദ്ദേഹത്തെ അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. കണ്ണൂര്‍ ചെറുതാഴത്ത് കാര ഭട്ടതിരി ഇല്ലത്ത് മാധവന് ഭട്ടതിരിയുടെയും ദ്രൗപതി അന്തര്‍ജനത്തിന്റേയും മകനാണ്. സാവിത്രി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: പ്രസന്ന, മാധവന്ഭട്ടതിരി(മേല്‍ശാന്തി, കടലായി ശ്രീകൃഷ്ണ ക്ഷേത്രം), കൃഷ്ണന് ഭട്ടതിരി(കടലായി ക്ഷേത്രം), ഇന്ദിര. മരുമക്കള്‍: ഈശ്വരന് നമ്പൂതിരി, ഡോ.മുരളി പി.നമ്പൂതിരി, സ്വപ്ന, ശ്രീകല. സഹോദരങ്ങള്‍: സരസ്വതി അന്തര്‍ജ്ജനം(ആറ്റുപുറത്തില്ലം), അതിഥി അന്തര്‍ജ്ജനം(പെരിയാട്ട് മാങ്കുളത്തില്ലം), സാവിത്രി അന്തര്‍ജ്ജനം(കുടല്‍വള്ളി ഇല്ലം), ഉഷ അന്തര്‍ജ്ജനം(തിരുവനന്തപുരം), മഹേശ്വരന് ഭട്ടതിരി(മേല്‍ശാന്തി, ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം), കേശവന് ഭട്ടതിരി(ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം), പരേതയായ ദേവകി അന്തര്‍ജ്ജനം(വരക്കല്‍ ഇല്ലം).
1974-75 കാലഘട്ടത്തില്‍ ശബരിമല മേല്‍ശാന്തിയായി നിയമിതനായ ഭട്ടതിരി സന്നിധാനത്തില്‍ ആദ്യമായി അയ്യപ്പവിഗ്രഹം ഏന്തി തിടമ്പ് നൃത്തം അവതരിപ്പിക്കുകയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനന്ദനൃത്തം ബഹുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ജബല്‍പൂര്‍ അയ്യപ്പക്ഷേത്രം, പൊള്ളാച്ചി അയ്യപ്പക്ഷേത്രം, കുത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം, നടുവണ്ണൂര്‍ നരസിംഹക്ഷേത്രം തുടങ്ങി കേരളത്തിനകത്തും പുറത്തുമായി അമ്പതോളം മഹാക്ഷേത്രങ്ങളിലും നൂറിലധികം കുടുംബക്ഷേത്രങ്ങളിലും താന്ത്രിക ആചാര്യനായിരുന്നു. ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നാലു പതിറ്റാണ്ടിലേറെക്കാലം പാരമ്പര്യ മേല്‍ശാന്തിയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ എട്ട് മണിക്ക് ചിറക്കലിലെ വസതിയില്‍ നിന്ന് സ്വദേശമായ ചെറുതാഴത്തെത്തിക്കും. 9മണിക്ക് കുടുംബ ശ്മശാനത്തില്‍ സംസ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: