ചേരമാന്‍ പെരുമാളിന്റെ മതംമാറ്റക്കഥ സിനിമയാക്കി ഇസ്ലാമികവല്‍ക്കരണത്തിന് ശ്രമം

Monday 27 October 2014 11:52 pm IST

കൊച്ചി: ചേരമാന്‍ പെരുമാളിന്റെ കഥയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന മമ്മൂട്ടി നായകനായ 'ദ കംപാനിയന്‍' എന്ന ചിത്രം കേരള ചരിത്രത്തെ ഇസ്ലാമികവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണെന്ന് ആക്ഷേപമുയരുന്നു. മുഹമ്മദ് നബിയുടെ കാലത്ത് ചേരമാന്‍ പെരുമാള്‍ മക്കത്തുപോയി ഇസ്ലാംമതം സ്വീകരിച്ചുവെന്നും അതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഇസ്ലാംമതം പ്രചരിച്ചതെന്നുമാണ് കാലങ്ങളായി കേള്‍ക്കുന്ന ഒരു കഥ. വിശ്വസനീയമായ രേഖകളൊന്നുമില്ലാത്ത, പ്രമുഖ ചരിത്രകാരന്മാരൊന്നും അംഗീകരിക്കാത്ത ഈ കെട്ടുകഥയെ ചരിത്രമായി അവതരിപ്പിക്കുകയാണ് സിനിമയുടെ ലക്ഷ്യം. ആറാം നൂറ്റാണ്ടാണ് നബിയുടെ കാലം. ചേരമാന്‍ പെരുമാള്‍ ജീവിച്ചിരുന്നത് അതിന് രണ്ട് നൂറ്റാണ്ടു മുന്‍പും. അതിനാല്‍തന്നെ നബിയുടെ കാലത്ത് പെരുമാള്‍ മക്കത്തുപോയി എന്ന കഥയ്ക്ക് അടിസ്ഥാനമില്ലാതാവുന്നു. എ.ഡി. 850 മുതല്‍ കേരളം സന്ദര്‍ശിച്ച മുസ്ലിം, ക്രിസ്ത്യന്‍, ചൈനീസ് സഞ്ചാരികള്‍ ആരുംതന്നെ ഏതെങ്കിലും പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ചിരുന്നതായി പറയുന്നില്ല. എ.ഡി 850ല്‍ കേരളത്തിലെത്തിയ സഞ്ചാരി സുലൈമാന്‍ ഇസ്ലാംമതം സ്വീകരിച്ച ആരെയും ഇവിടെ കണ്ടിട്ടില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പന്ത്രണ്ടാം നൂറ്റാണ്ടിലെ 'പെരിയ പുരാണം', 11-13 നൂറ്റാണ്ടുകളിലെ 'തിരുവിളയാടല്‍' അടക്കമുള്ള തമിഴ് ഗ്രന്ഥങ്ങള്‍ എന്നിവയിലെല്ലാം ചേരമാന്‍ പെരുമാള്‍ അവസാനംവരെ ശൈവമത വിശ്വാസിയായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. പെരുമാളിന്റെ മതംമാറ്റക്കഥ ഡോ. എം.ജി.എസ്. നാരായണനെപ്പോലുള്ള അംഗീകൃത ചരിത്രകാരന്മാരെല്ലാം തള്ളിക്കളയുകയാണ്. ചില മുസ്ലിം എഴുത്തുകാര്‍ മാത്രമാണ് ഈ കഥ ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്. ഇവരിലൊരാളായ ദല്‍ഹി ജാമിയാമിലിയ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എച്ച്.എം. ഇല്ല്യാസിയുടെ ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കിയാണ് മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. 100 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം റിച്ചാഡ് അറ്റന്‍ബെറോയുടെ ചിത്രത്തില്‍ മഹാത്മാ ഗാന്ധിയായി അഭിനയിച്ച ബെന്‍ കിങ്‌സിലിയും പ്രധാന വേഷം ചെയ്യുന്നു. കേരള ചരിത്രത്തെ ചോരയില്‍ മുക്കിയ മാപ്പിളലഹളയെ മുന്‍നിര്‍ത്തി മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിച്ച '1921' എന്ന മലയാള ചലച്ചിത്രം ചരിത്രവസ്തുതകളെ വളച്ചൊടിച്ചതിന്റെ പേരില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച്, ഇംഗ്ലീഷ് ഉള്‍പ്പെടെ നിരവധി ഭാഷയില്‍ നിര്‍മ്മിക്കുന്ന 'ദ കംപാനിയന്‍' ഇസ്ലാമികവല്‍ക്കരണത്തിന് ആക്കംകൂട്ടുകയും സമൂഹത്തില്‍ വിദേ്വഷത്തിന്റെ പുതിയ വിത്ത് പാകുകയും ചെയ്യുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.