കുമരകവും വേമ്പനാട്ടുകായലും ഗുരുതരമായ പരിസ്ഥിതിപ്രശ്നത്തില്‍

Sunday 9 October 2011 11:16 pm IST

റെജി ദിവാകരന്‍ കുമരകം: കുമരകവും വേമ്പനാട്ടുകായലും ഗുരുതരമായ പരിസ്ഥിതിപ്രശ്നത്തില്‍ നട്ടം തിരിയുന്നു. ഇതിനൊരു പ്രതിവിധി കണ്ടെത്താനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കായല്‍ മേഖലയിലെ അതിരുവിട്ട കക്കാ ട്രഡ്ജിംഗും മോട്ടോര്‍ ബോട്ടുകളും ഹൌസ്ബോട്ടുകളുമാണ്‌ കായല്‍ മേഖലയ്ക്ക്‌ വാന്‍ ഭീഷണിയുയര്‍ത്തുന്നത്‌. ജലം പ്യൂരിഫൈ ചെയ്യാന്‍ പ്രകൃതി കായലിണ്റ്റെ അടിത്തട്ടിലൊരുക്കിയിരിക്കുന്ന ക്രമീകരണമാണ്‌ കക്കാകൊണ്ടുള്ള ആവരണം. അത്‌ യന്ത്രവല്‍കൃതട്രഡ്ജിംഗിലൂടെ കുഴിച്ചെടുക്കാന്‍ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളായി. ഇപ്പോള്‍ വേമ്പനാട്ടുകായലില്‍ കക്കാകൊണ്ടുള്ള അടിത്തട്ടുതന്നെ ഇല്ലാതായ നിലയിലാണ്‌. ഇവിടം കുഴിക്കപ്പെട്ട്‌ ചെളി ആവരണമാക്കപ്പെട്ട കായലിണ്റ്റെ അടിത്തട്ടാണ്‌ ഇന്നവശേഷിക്കുന്നത്‌. കായലിണ്റ്റെ അടിത്തട്ടിലെ കക്കാ, യന്ത്രവല്‍കൃതരീതിയില്‍ ഘനനം നടത്തുമ്പോള്‍ ഭൂമികുലുക്കത്തെക്കാള്‍ വലിയ പ്രകമ്പനമാണ്‌ കായലിണ്റ്റെ അടിത്തട്ടില്‍ നടക്കുന്നത്‌. ഇത്‌ ഗുരുതരമായ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുമെന്നുള്ള വിവരം ടെസ്സിണ്റ്റെ പഠനറിപ്പോര്‍ട്ടാണ്‌ പുറത്തുവിട്ടത്‌. റാസര്‍സൈറ്റായി പ്രഖ്യാപിച്ചിട്ടുളള കായലില്‍ ഇറിഗേഷണ്റ്റെ തത്വദീക്ഷയില്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനവും കായലിണ്റ്റെ തന്തുലിതാവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ജലപാതയുടെ പേരില്‍ നടക്കുന്നത്‌ മണല്‍ക്കൊള്ളയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ജലപാതയുടെ പേരില്‍ ഖനനം ചെയ്യപ്പെടുന്ന ലവണങ്ങളും ധാതുക്കളും സ്വര്‍ണ്ണാംശങ്ങളുമുള്ള മണല്‍ മഹാരാഷ്ട്രയിലേക്കാണ്‌ കടത്തപ്പെടുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. ഇതൊക്കെ കായലില്‍ നടക്കണമെങ്കില്‍ കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയത്തിണ്റ്റെ അനുമതി തേടേണ്ടതുണ്ട്‌. റിസോര്‍ട്ട്‌ നിര്‍മ്മാണത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ഏജണ്റ്റുമാര്‍ മുഖേന കുമരകത്തെത്തപ്പെട്ട നിര്‍മ്മാണത്തൊഴിലാളികള്‍ക്ക്‌ പ്രാഥമികാവശ്യം നിര്‍വ്വഹിക്കുവാന്‍ കക്കൂസുകള്‍ റിസോര്‍ട്ട്‌ നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ കക്കൂസായി കായല്‍തീരത്തെയാണ്‌ ആശ്രയിക്കുന്നത്‌. കൂടാതെ കായല്‍തീരത്തെ റിസോര്‍ട്ടുകലില്‍ നിന്നും ഹൌസ്ബോട്ടുകളില്‍ നിന്നുമുള്ള വിസര്‍ജ്യങ്ങളും വേമ്പനാട്ടുകായലിലേക്കാണ്‌ ഒഴുക്കിവിടുന്നത്‌. പൊതുവേ പടിഞ്ഞാറന്‍ മേഖല പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌. കായലില്‍ കലരുന്ന അമിതമായ മാലിന്യം മൂലം പ്രതിരോധിക്കാനാകാത്തവിധം മേഖലയില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനിടയുള്ളതായാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. തണ്ണീര്‍മുക്കം ബണ്ട്‌ അടച്ചിടുന്നതിനാല്‍ കായലിണ്റ്റെ തെക്കുഭാഗത്തെ കായല്‍ ജലം മലീമസമാണ്‌. ഇത്‌ തോടുകളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ഈ അവസ്ഥയില്‍ മത്സ്യങ്ങള്‍ക്ക്‌ പ്രജനനം അസാദ്ധ്യമായതോടെ മത്സ്യം കൊണ്ട്‌ സമ്പുഷ്ടമായിരുന്ന വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്തും സാരമായി കുറഞ്ഞ നിലയിലാണ്‌. ടൂറിസത്തിണ്റ്റെ കടന്നുകയറ്റത്തിനനുസരിച്ച്‌ ഹരിതാഭമായിരുന്ന കുമരകമിന്ന്‌ കോണ്‍ക്രീറ്റ്‌ വനങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമീണസൌന്ദര്യവും പച്ചപ്പരവതാനി വിരിച്ച പാടശേഖരങ്ങളും കണ്ടല്‍ക്കാടുകളും പക്ഷിക്കൂട്ടങ്ങളും ശുദ്ധജലാശയങ്ങളും കൊണ്ട്‌ സമ്പുഷ്ടമായിരുന്ന കുമരകമിന്ന്‌ നാശത്തോടടുത്തുകൊണ്ടിരിക്കുകയാണ്‌. മാലിന്യം കൊണ്ട്‌ വിഷമയമായിരിക്കുന്ന കായല്‍ജലം പരിശോധനാ വിധേയമാക്കി കോളിഫോം ബാക്ടീരിയയുടെ അളവ്‌ എത്രത്തോളമുണ്ടെന്നത്‌ കണ്ടെത്തി അവ ക്രമീകരിച്ച്‌ കായല്‍ജലത്തെ ശുദ്ധീകരിക്കാനുള്ള നടപടിയും യന്ത്രവല്‍കൃത ഖനനവും ഹൌസ്ബോട്ടുകളുടെ കായല്‍യാത്രയിലെ നിയന്ത്രണവും കുമരകത്തെയും വേമ്പനാട്ടുകയലിനെയും തനതായ രീതിയില്‍ നിലനിര്‍ത്തുന്നതിനുള്ള വിദഗ്ദ്ധപഠനവും നടപ്പാക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ ഒരു സുന്ദരഗ്രാമവും വിശാലതടാകമായ വേമ്പനാട്ടുകായലുമൊക്കെ ഇല്ലാതാകുകയും ഇത്‌ തദ്ദേശവാസികള്‍ക്കെന്നപോലെ ടൂറിസം മേഖലക്കും വാന്‍ തിരിച്ചടിയാകും.