ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വരിക്കാരുള്ള രാജ്യമാണ് ഭാരതം. എന്നാല്‍ ഇതില്‍ 70 ശതമാനം ഉപയോക്താക്കളും പുരുഷന്മാരാണ്. രണ്ട് സ്ത്രീകളെ എടുത്താല്‍ അതില്‍ ഒരാള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ബോധവതിയാകുന്നുള്ളു. 70 ശതമാനം സ്ത്രീകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അവരുടെ വിദ്യാഭ്യാസത്തിന് അല്ലെങ്കില്‍ പഠനത്തിനുവേണ്ടിയാണ്. 60 ശതമാനം സ്ത്രീ ഉപയോക്താക്കളും ജോലി സംബന്ധമായ വിവരങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇത് വെറുമൊരു കണക്കു മാത്രമല്ല, വിദ്യാസമ്പന്നരായിട്ടും തൊഴിലിടങ്ങളിലേക്ക് കടന്നുവരാത്ത സ്ത്രീ സമൂഹത്തിന്റെ മറ്റൊരു മുഖം കൂടിയാണിത്. സ്ത്രീകളുടെ ഇന്റര്‍നെറ്റ് സാക്ഷരതയെക്കുറിച്ച് സൂചിപ്പിക്കുന്ന കണക്കുകള്‍ എന്തിനെന്ന് സംശയം ഉണ്ടാകും പലര്‍ക്കും. ഓണ്‍ലൈന്‍ രംഗത്തെക്കുറിച്ച് സ്ത്രീകള്‍ കൂടുതലായി അറിയേണ്ട ആവശ്യകതയുണ്ടോന്ന് ചോദിക്കുന്നവരുണ്ട്. എല്ലാ മേഖലയിലും തുല്യ സമത്വം, സ്ത്രീ ശാക്തീകരണം എന്നൊക്കെ പറയുമ്പോള്‍ ഇന്റര്‍നെറ്റ് സാക്ഷരതയും സ്ത്രീകള്‍ കൈവരിക്കേണ്ടതുണ്ട്. മറ്റെല്ലാ മേഖലയിലെന്ന പോലെ ഓണ്‍ലൈന്‍ രംഗത്ത് സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഒരു പക്ഷേ ഇതിനുമുമ്പ് പദ്ധതികള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാല്‍ രാജ്യത്ത് ഇതാദ്യമായി ഓണ്‍ലൈന്‍ രംഗത്തെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഗൂഗിള്‍ ഒരു പ്രചാരണ പരിപാടി മുന്നോട്ടുവെച്ചു. ഗൂഗിള്‍ ഇന്ത്യയാണ് പ്രചാരണത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
റീച്ച് ഫോര്‍ ദ സ്കൈ എന്ന മുദ്രാവാക്യവുമായാണ് ഗൂഗിള്‍ പ്രചാരണം നടത്തുന്നത്. പത്ര പരസ്യങ്ങളോ വാര്‍ത്തകളോ നല്‍കിയല്ല പ്രചാരണം. ഹെല്പിംഗ് വുമണ്‍ ഗെറ്റ് ഓണ്‍ലൈന്‍( എച്ച് ഡബ്ല്യു ജി ഒ) എന്ന സൈറ്റു തന്നെ ഇതിനായി ഒരുക്കിയിട്ടുണ്ട്. വിവരങ്ങളെല്ലാം വീഡിയോ രൂപത്തിലാണ് സൈറ്റില്‍ നല്കിയിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. മാറ്റത്തിനായി, കൂടുതല്‍ സ്ത്രീകളെ ഓണ്‍ലൈന്‍ രംഗത്തേക്ക് കൊണ്ടുവരിക എന്നതും പ്രചാരണത്തിന്റെ മുദ്രാവാക്യമാണ്.
ഹെല്പിംഗ് വുമണ്‍ ഗെറ്റ് ഓണ്‍ലൈന്‍ എന്നത് വെറുമൊരു പ്രചാരണമോ, ഓണ്‍ലൈന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനുള്ള ഒരു മാര്‍ഗമോ അല്ല. സംരംഭത്തെ അത്ര ചെറുതായി കാണാനും വരട്ടെ. അറിവിന്റെ വാതായനങ്ങളുടെ വലിയൊരു വേദിയാണ് സൈറ്റിലൂടെ ലഭിക്കുന്നത്.
എച്ച് ഡബ്ല്യു ജി ഒ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ സൈറ്റ് കാണാന്‍ സാധിക്കും. ഹോം, ഹൗ ടു യൂസ് ദ ഇന്റര്‍നെറ്റ്, ഫൈന്റ് യൂസ്ഫുള്‍ ഇന്‍ഫോര്‍മേഷന്‍ ഓണ്‍ലൈന്‍, ചേഞ്ച് ലാംഗ്വേജ്. എന്നീ നാലു ഓപ്ഷനുകളാണ് ഹോം പേജിലുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ് എന്നിങ്ങനെ നാല് ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാണ്. ഇതില്‍ ഹൗ ടു യൂസ് ദ ഇന്റര്‍നെറ്റ് ക്ലിക്ക് ചെയ്താല്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ ബേസിക്സ്, ഇന്റര്‍നെറ്റ് കില്‍സ്, ചാറ്റ് & ഇ-മെയില്‍സ്, വീഡിയോസ് ഓണ്‍ലൈന്‍, ലാംഗ്വേജ് പ്രിഫറന്‍സ് എന്നിങ്ങനെ ആറ് ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും. സഹായങ്ങള്‍ക്കോ, സൈറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കോ, 18004199977 എന്ന ഹെല്പ് ലൈന്‍ നമ്പരും ഹോം പേജില്‍ തന്നെ ലഭ്യമാണ്.
ഫൈന്റ് യൂസ്ഫുള്‍ ഇന്‍ഫോര്‍മേഷന്‍ ഓണ്‍ലൈന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ സ്ത്രീകളെ സംബന്ധിച്ച വിവിധ വിവരങ്ങളാണ് ലഭിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് അറിയേണ്ട എല്ലാ വിവരങ്ങളും ഹെല്പിംഗ് വുമണ്‍ ഗെറ്റ് ഓണ്‍ലൈന്‍ എന്ന സൈറ്റിലൂടെ ലഭിക്കും.
മൊബൈല്‍ ഇന്റര്‍നെറ്റ്
ചാറ്റിംഗ് മുതല്‍ ഇന്റര്‍നെറ്റ് ബ്രൗസര്‍ വരെ ഉപയോഗിക്കേണ്ട വിധമാണ് മൊബൈല്‍ ഇന്റര്‍നെറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഫോണ്‍ റീച്ചാര്‍ജ് ചെയ്യുക, ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ട വിധം, വൈ-ഫൈ, ഇ-മെയില്‍ രൂപീകരിക്കേണ്ടത്, ഫോണില്‍ നിന്ന് മെയില്‍ അയക്കേണ്ടത്, വിഡീയോകള്‍ യൂട്യൂബിലേക്ക് അപ്ലോഡ് ചെയ്യേണ്ടത്, ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യേണ്ടത് ഇത്തരം വിവരങ്ങളാണ് മൊബൈല്‍ ഇന്റര്‍നെറ്റ് എന്ന ഓപ്ഷനില്‍ ലഭിക്കുന്നത്.
കമ്പ്യൂട്ടര്‍ ബേസിക്സ്
കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതു മുതല്‍ ഷട്ട് ഡൗണ്‍ ചെയ്യുന്നതുവരെയുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കമ്പ്യൂട്ടറിന്റെ കളര്‍, ബ്രൈറ്റ്നസ് എന്നിവ ക്രമീകരിക്കുന്നത് എങ്ങനെ, ശബ്ദം ക്രമീകരിക്കുന്നത് എങ്ങനെ, ഇന്റര്‍നെറ്റ് ഉപയോഗിച്ച് മൈക്രോഫോണ്‍ വഴി എങ്ങനെ സംസാരിക്കാം. വെബ്കാം ഉപയോഗിച്ച് എങ്ങനെ ഒരാളുമായി നേരിട്ട് സംസാരിക്കാം, കമ്പ്യൂട്ടര്‍ ക്ലോക്ക് എങ്ങനെ മാറ്റാം, ഒപ്പം, ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഫയലുകള്‍ എങ്ങനെ മാറ്റാം, കമ്പ്യൂട്ടര്‍ സ്ക്രീനിലെ മാറ്റങ്ങള്‍, കോപ്പി, പേസ്റ്റ് തുടങ്ങിയ കാര്യങ്ങളാണ് കമ്പ്യൂട്ടര്‍ ബേസിക്സിലൂടെ പറഞ്ഞു തരുന്നത്.
ഇന്റര്‍നെറ്റ് സ്കില്‍സ്
ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെ, ബ്രൗസ് ചെയ്യേണ്ടത് എങ്ങനെ എന്നു തുടങ്ങി, ഓണ്‍ലൈന്‍ വഴി എങ്ങനെ വിവരങ്ങള്‍ കണ്ടെത്താനാകും തുടങ്ങിയ കാര്യങ്ങളാണ് ഇന്റര്‍നെറ്റ് സ്കില്‍സിലൂടെ ലഭിക്കുന്നത്. ഒരേ സമയം എങ്ങനെ വിവിധ സൈറ്റുകള്‍ നോക്കാം. ഓണ്‍ലൈന്‍ മാപ്പുകള്‍ ഉപയോഗിക്കേണ്ടതിന്റെ നിര്‍ദ്ദേശങ്ങള്‍, ബിസിനസ് ഫോണ്‍ നമ്പരുകള്‍, ഓണ്‍ലൈന്‍ റെസ്റ്റോറന്റുകള്‍ എന്നിവ എങ്ങനെ കണ്ടെത്താം. റെസിപ്പികള്‍, കമ്പ്യൂട്ടറില്‍ ഫയലുകള്‍ എങ്ങനെ സേവ് ചെയ്യാം, സൈറ്റുകളുടെ ലിങ്കുകള്‍ എങ്ങനെ സേവ് ചെയ്യാം, ഇന്റര്‍നെറ്റ് പാസ്വേര്ഡ് എങ്ങനെ ക്രിയേറ്റ് ചെയ്യാം, ക്രോം ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ ഇത്തരം കാര്യങ്ങളും ഇന്റര്‍നെറ്റ് സ്കില്‍സില്‍ പറയുന്നു.
ചാറ്റ് ആന്റ് ഇ-മെയില്‍
ഇ-മെയില്‍ ക്രിയേറ്റ് ചെയ്യേണ്ട വിധം, ഓണ്‍ലൈന്‍ ചാറ്റിംഗ്, ഇന്റര്‍നെറ്റിലൂടെ വീഡിയോ വഴി എങ്ങനെ സംസാരിക്കാം, ഇ-മെയിലിലേക്ക് ഫയലുകള്‍ അയക്കേണ്ടുന്ന വിധം, ഫോണിലൂടെ ഇ- മെയില്‍ ചെക്ക് ചെയ്യേണ്ട വിധം എന്നീ വിവരങ്ങളാണ് ഇവിടെ ലഭിക്കുന്നത്.
ലാംഗ്വേജ് പ്രിഫറന്‍സ്
നിങ്ങള്‍ ഉപയോഗിക്കുന്നത് ഏതു ഭാഷയാണോ, അതേക്കുറിച്ചുള്ള വിവരങ്ങള്‍, വിവിധ ഭാഷകളില്‍ എങ്ങനെ മെയിലുകള്‍ അയക്കാം, ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഭാഷ മാറ്റുന്നതെങ്ങനെ ഇത്തരം കാര്യങ്ങളാണ് ഇവിടെ പറഞ്ഞു തരുന്നത്.
വീഡിയോസ് ഓണ്‍ലൈന്‍
വീഡിയോകള്‍ എങ്ങനെ കാണാം, അത് എങ്ങനെ ഷെയര്‍ ചെയ്യാം ഈ വിവരങ്ങള്‍ ഇവിടെ നിന്നും ലഭിക്കും.
ഫൈന്റ് യൂസ്ഫുള്‍ ഇന്‍ഫോര്‍മേഷന്‍ ഓണ്‍ലൈന്‍ എന്ന ഓപ്ഷനില്‍ ഉള്ളത്. സ്ത്രീകള്‍ക്ക് ആവശ്യമായ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു ലോകമാണ്. വിവരങ്ങളെല്ലാം വീഡിയോ രൂപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ചില്‍ഡ്രന്‍സ് ടിപ്സ്, കുക്കിംഗ് ടിപ്സ് ആന്റ് റെസിപ്പീസ്, ഫിനാന്‍ഷ്യല്‍ ടിപ്സ്, ഹെല്‍ത്ത് ടിപ്സ്, മറ്റേര്‍ണിറ്റി ടിപ്സ്, റിലേഷന്‍ഷിപ്പ്, സ്റ്റൈല്‍ ആന്റ് ബ്യൂട്ടി ടിപ്പ്സ് , ഹൗസ് ഹോള്‍ഡ് ടിപ്സ് അങ്ങനെ നീളുന്നു ആ നിര. തീര്‍ന്നില്ല, ഈ ഓപ്ഷനുകളില്‍ ഓരോന്നിലും ക്ലിക് ചെയ്താല്‍ വീണ്ടും ആ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും. വീട് എങ്ങനെ പരിചരിക്കാം, വിവിധ തരം ഭക്ഷണങ്ങള്‍ പാകം ചെയ്യേണ്ട വിധം, ആരോഗ്യസംരക്ഷണം, സൗന്ദര്യ സംരക്ഷണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും. ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കില്‍ ലോകത്തെ ഏതുതരം ഭക്ഷണ രീതിയെക്കുറിച്ചും അറിയാനാകും. ഇന്ത്യന്‍ വിഭവങ്ങള്‍, ചൈനീസ് വിഭവങ്ങള്‍ നമുക്ക് ഏതാണോ ആവശ്യം അതൊന്ന് സെര്‍ച്ച് ചെയ്യേണ്ട കാര്യമേയുള്ളൂ.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള വിവിധ റിപ്പോര്‍ട്ടുകളും സൈറ്റില്‍ ലഭ്യമാണ്. സൈറ്റില്‍ പങ്കാളികളായി വിജയിച്ച സ്ത്രീകളുടെ കഥകളാണ് അതില്‍ പറയുന്നത്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയത് ഇന്റര്‍നെറ്റാണെന്ന് ഈ കഥകളിലെ നായികമാര്‍ പറയുന്നു. ഇന്റര്‍നെറ്റിലൂടെ അവര്‍ കണ്ടെത്തിയ ലോകത്ത് നെയ്തെടുത്ത വിജയങ്ങളാണ് ഓരോ സ്ത്രീകളും പറയുന്നത്. അത് ഫാഷന്ലോകത്തേക്കുറിച്ചാകാം, റെസ്റ്റോറന്റ്, അല്ലെങ്കില്‍ കോഫീ ഷോപ്പ്, അല്ലെങ്കില്‍ സാമ്പത്തിക മേഖലയാകാം. ഇന്റര്‍നെറ്റിലൂടെ ലഭിച്ച വിവരങ്ങളിലൂടെ ആരംഭിച്ച പദ്ധതികളാണ് ആ വിജയം അവര്‍ക്കു സമ്മാനിച്ചത്.
ഡിജിറ്റല്‍ ലിറ്ററസി അല്ലെങ്കില്‍ ഹെല്‍പ്പിംഗ് വുമണ്ഗെറ്റ് ഓണ്‍ലൈന്‍
എല്ലാ സ്ത്രീകളും ഇന്റര്‍നെറ്റ് സാക്ഷരത കൈവരിക്കണമെന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ ആരംഭിച്ച ഈ പദ്ധതി എന്തുകൊണ്ടും മികച്ചതുതന്നെയാണ്. മുഴുവന്‍ സമയവും ഇതിനുവേണ്ടി ചിലവഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങളിലെ അറിവ് സ്വന്തമാക്കാന്‍ ഹെല്‍പ്പിംഗ് വുമെണ്‍ ഗെറ്റ് ഓണ്‍ലൈന്‍ എന്ന ഗൂഗിളിന്റെ ഈ സൈറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. സ്ത്രീകളിലെ ഇന്റര്‍നെറ്റ് സാക്ഷരത എന്ന പ്രചാരണം സപ്തംബര്‍ അവസാനത്തോടെയാണ് ഗൂഗിള്‍ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീകളെ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രചാരണത്തിന്റെ മുഖ്യലക്ഷ്യം. സ്ത്രീ ശാക്തീകരണം, ലിംഗ സമത്വം എന്നീ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതും പ്രചാരണ ലക്ഷ്യങ്ങളില്‍പ്പെടുന്നു. പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ ആരംഭിച്ചത്. എന്നാല്‍ ഔദ്യോഗിക പ്രചാരണ പരിപാടികള്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഹെല്‍പ്പിംഗ് വുമെണ്‍ ഗെറ്റ് ഓണ്‍ലൈന്‍ എന്ന പേരില്‍ നിലവില്‍ വന്നത്.
മാര്ഡിന്റെ പങ്കാളിത്തം
സ്ത്രീ സുരക്ഷ, ലിംഗ അസമത്വം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ബോളിവുഡ് നടന് ഫര്ഹാന് അഖ്തറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രചാരണ പരിപാടിയാണ് മാര്‍ഡ്.( മെന്‍ എഗൈന്‍സ്റ്റ് റേപ്പ് ആന്റ് ഡിസ്ക്രിമിനേഷന്‍) നിരവധി പരിപാടികള്‍ ഇവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. പ്രചാരണത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പേജില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 16-മുതല്‍ 25 വരെ പ്രായമുള്ള നിരവധി പേര് ഈ കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം, പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ജോലി, സാമ്പത്തിക സഹായം എന്നിവയും മാര്‍ഡ് നല്‍കുന്നുണ്ട്. മാര്ഡിന്റെ ഓഫിഷ്യല്‍ പേജില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. സ്ത്രീകള്‍ക്ക് ഇന്റര്‍നെറ്റ് സാക്ഷരത കൈവരിക്കാന്‍ ഗൂഗിള്‍ ആരംഭിച്ച പ്രചാരണ പരിപാടിയില്‍ മാര്ഡും പങ്കാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: