പതിവ്രതാ ധര്‍മ്മം

Tuesday 28 October 2014 8:37 pm IST

പ്രബുദ്ധമായ ഒരു വംശപരമ്പര ഭാരതവിഹായസ്സില്‍ ഉദയം ചെയ്യാന്‍ പോകുന്നു. ജന്മമെടുക്കാന്‍ പോകുന്ന ആ ആത്മാക്കള്‍ അത്യധികം പരിശുദ്ധരാകയാല്‍ അവര്‍ മാതൃഗര്‍ഭത്തില്‍ കഴിയുമ്പോള്‍പോലും ജ്ഞാനത്തിന്റെ ഹുംകാരശക്തി ഉയര്‍ത്തും. വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ശിക്ഷണം ആവശ്യമുണ്ട്. അവരാണു സ്ത്രീത്വത്തിലും മാതൃത്വത്തിലും വികസിക്കാന്‍പോകുന്ന പൂമൊട്ടുകള്‍. അവര്‍ നിങ്ങളുടെ മാതൃകാപരമായ സ്വഭാവനൈമര്‍ല്യത്തിലൂടെയും ആഴമേറിയ ഭക്തിയിലൂടെയും പതിവ്രതാധര്‍മ്മത്തിന്റെ ശക്തിയും ഭക്തിയുടെ മഹത്വവും യോഗത്തിന്റെ പ്രഭാവവും പ്രകടമാക്കണം. സദസ്സിലെ മഹത് മഹിളകളുടെ നേര്‍ക്കു തിരിഞ്ഞ് അമ്മ  ഗൃഹസംവിധാനത്തിന്റെയും പുരാതനമായ മതപാരമ്പര്യത്തിന്റെയും സംരക്ഷണത്തില്‍ അമ്മമാര്‍ക്കുള്ള പങ്കിനെപ്പറ്റി ഗുരു ഊന്നി പറഞ്ഞു. ഗൃഹറാണിമാരെന്ന നിലയില്‍ കുടുംബത്തില്‍ ശാന്തിയും സംതൃപ്തിയും സമാധാനവും ആധ്യാത്മികാന്തരീക്ഷവും സൃഷ്ടിക്കാനുള്ള പ്രധാന ചുമതല നിങ്ങളുടേതാണു മക്കളേ. മറ്റുള്ളവരോടുള്ള പെരുമാറ്റം സംഭാഷണം ഗൃഹകാര്യങ്ങളുടെ നിര്‍വഹണം, കര്‍മ്മാചരണം ഇവയില്‍ക്കൂടി ശാന്തി പ്രസരിപ്പിക്കണം. അതിനു നിങ്ങളുടെ മനസ്സ് സദാ ശാന്തമായിരിക്കണം. ഗൃഹലക്ഷ്മിമാരായ നിങ്ങള്‍ സദ്ഗുണങ്ങളുടെ പ്രതിരൂപങ്ങളായി പ്രശോഭിക്കണം. സത്ഗുണവും സൗശീലവും പരമപ്രധാനമാണ്. സ്‌നേഹം, ക്ഷമ, സഹനശക്തി ത്യാഗം, ഗൃഹത്തില്‍ ഐകമത്യം വളര്‍ത്താനുള്ള കഴിവ് എന്നീ സ്വഭാവമേന്മകള്‍ നിങ്ങളില്‍ തെളിയണം. ഭാവിഭാരതം നിങ്ങളുടെ കരങ്ങളില്‍ രൂപം കൊണ്ടാടുകയാണ്. സന്താനങ്ങളെ പരമാവധി ശ്രദ്ധയോടെയും പാവനമായ സ്വധര്‍മ്മമെന്നനിലയിലും വളര്‍ത്തിക്കൊണ്ടുവരണം. ഇരുമ്പ് ചുട്ട് പഴുത്തിരിക്കുമ്പോള്‍ ഏത് രൂപത്തിലും അതിനെ രൂപപ്പെടുത്താന്‍ സാദ്ധ്യമാകും. അതുപോലെ സ്വഭാവ രൂപീകരണമായ പ്രായത്തില്‍ മക്കളെ മാതൃകാപൗരന്മാരായി വാര്‍ത്തെടുക്കുക. അവര്‍ വളര്‍ന്നുവലുതാവുമ്പോള്‍ സ്വഭാവവും വ്യക്തിത്വവും മാതൃകാപരമായിരിക്കും. ബാഹ്യമായ യാതൊരു സംവിധാനം കൊണ്ടും ശാന്തി ലഭിക്കയില്ല. അത് ആന്തരികമായ ക്രമീകരണംകൊണ്ടും പരിവര്‍ത്തനംകൊണ്ടും ശിക്ഷണംകൊണ്ടും മാത്രം വന്നുചേരേണ്ടതാണ്. ശാന്തി മാനസികമായ ഒരു സാമ്യാവസ്ഥയാണ്. ഒരിക്കല്‍ ആത്മപ്രബുദ്ധത നേടിക്കഴിഞ്ഞാല്‍ അതോടെ നിങ്ങള്‍ എന്നന്നേക്കുമായി അഹങ്കാരത്തിന്റെ കാരാഗൃഹത്തില്‍ നിന്നു മോചനം നേടിക്കഴിഞ്ഞിരിക്കും. പിന്നെ നിങ്ങള്‍ ആന്തരികമായി ഈശ്വരസാത്മ്യം പ്രാപിച്ച സര്‍വ്വതന്ത്രസ്വതന്ത്രരായ ഈശ്വര സന്താനങ്ങളായി ഭവിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.