കല്ലറ വഴി കോട്ടയം ബസ് സര്‍വീസ് കെഎസ്ആര്‍ടിസി അട്ടിമറിക്കുന്നു

Tuesday 28 October 2014 9:08 pm IST

ചേര്‍ത്തല: കല്ലറ വഴി കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി ആക്ഷേപം. ചേര്‍ത്തലയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലടക്കം എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ താലൂക്കിലുള്ളവര്‍ ആശ്രയിക്കുന്ന സര്‍വ്വീസ് ഇല്ലാതാക്കി റൂട്ട് സ്വകാര്യ ബസുകള്‍ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി പരാതി ഉയരുന്നു. മുന്‍പ് കല്ലറയിലേക്ക് ചേര്‍ത്തലയില്‍ നിന്നുണ്ടായിരുന്ന മൂന്ന് സര്‍വ്വീസുകളില്‍ രണ്ടെണ്ണവും നിര്‍ത്തലാക്കി. ഈ റൂട്ടില്‍ പോയാല്‍ ചേര്‍ത്തലക്കാര്‍ക്ക് 25 രൂപ കൊടുത്താല്‍ ഒരു മണിക്കൂര്‍ കൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരാം. എന്നാല്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ യാത്രക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ കോട്ടയം ചുറ്റിയാണ് മെഡിക്കല്‍ കോളേജില്‍ പോകുന്നത്. 35 രൂപയാണ് ടിക്കറ്റ് ചാര്‍ജ്, ഇരട്ടി സമയവും എടുക്കും. കെഎസ്ആര്‍ടിസിക്ക് ഏറെ വരുമാനമുള്ളതാണെങ്കിലും കല്ലറ റൂട്ടിലേക്ക് സര്‍വീസ് നടത്തുവാന്‍ ഉദ്യോഗസ്ഥന്മാര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. സര്‍വീസ് നടത്തുവാന്‍ ബസ് ഇല്ലെന്നാണ് കല്ലറ സര്‍വീസ് കുറയ്ക്കുവാന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ തോപ്പുംപടിയടക്കം താലൂക്കിന്റെ പലസ്ഥലങ്ങളിലേക്കും ആളില്ലാതെ സര്‍വ്വീസ് നടത്തുന്നത് ചേര്‍ത്തലയിലെ സ്ഥിരം കാഴ്ചയാണ്. കെഎസ്ആര്‍ടിസി അധികൃതരുടെ തലതിരിഞ്ഞ നയത്തിനെതിരെ താലൂക്ക് ബസ് പാസഞ്ചേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിരുന്നു. പല തവണ താലൂക്ക് വികസന സമിതി യോഗത്തിലും വിഷയം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.  ആളില്ലാതെ പോകുന്ന ഒന്നോ രണ്ടോ സര്‍വ്വീസുകള്‍ ക്രമീകരിച്ചാല്‍ കല്ലറ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാന്‍ കഴിയും. എന്നാല്‍ സ്വകാര്യ ബസുടമകളുടെ താത്പര്യത്തിനു വഴങ്ങി കെഎസ്ആര്‍ടിസിയിലെ ചില ഉ ദ്യോഗസ്ഥര്‍ തന്നെയാണ് ഈ അട്ടിമറിക്ക് പിന്നിലെന്നും നാട്ടുകാര്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.