കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനാ കാര്‍ഡ് ;25 ശതമാനം ദരിദ്രര്‍ക് കൂടി പ്രയോജനം ലഭിക്കും

Tuesday 28 October 2014 9:41 pm IST

കടത്തുരുത്തി: കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാകുന്നതോടെ ദരിദ്രവിഭാഗത്തില്‍പ്പെട്ട 25 ശതമാനം പേര്‍ക്ക്കൂടി റേഷന്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. കേന്ദ്രത്തിന്റെ അന്നയോജന-അന്ത്യോദയ പദ്ധതികള്‍ നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ബിപിഎല്‍ കാര്‍ഡ് ഒന്നിന് 25 കിലോ അരിയും 5 കിലോ ഗോതമ്പും പഞ്ചസാരയുമാണ് നല്‍കുന്നത്. കൂടാതെ മാരകരോഗം ബാധിച്ചവര്‍ക്ക് പ്രത്യേക സഹായവും നല്‍കുന്നതാണ് പദ്ധതി. മുന്‍ഗണന കാര്‍ഡ് വരുന്നതോടെ ഒരു റേഷന്‍ കാര്‍ഡില്‍ നിന്ന് ഏഴരക്കിലോ ഭക്ഷ്യധാന്യം ലാഭിക്കാന്‍ കഴിയും. ഈ ഭക്ഷ്യധാന്യം   ബിപിഎല്‍ ലിസ്റ്റില്‍ പ്രവേശനം ലഭിക്കാതിരുന്ന 25 ശതമാനം പേര്‍ക്ക് ലഭിക്കുമെന്നതാണ്  നേട്ടം. ക്ലേശ ഘടകങ്ങളെ ആസ്പദമാക്കിയാണ് മുന്‍ഗണനാലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിലേക്ക് കാര്‍ഡ് ഉടമയുടെ സത്യപ്രസ്താവനമാത്രം മതി. രാഷ്ട്രീയ ഇടപെടലിലൂടെ അനധികൃതമായി ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മുന്‍ഗണന ലിസ്റ്റ് വരുന്നതോടെ പദ്ധതിയില്‍ നിന്ന് പുറത്താകും. തെറ്റായ വിവരങ്ങള്‍ കാണിച്ച് പട്ടികയില്‍ ഇടം പിടിച്ചാല്‍ കോടതി നടപടികള്‍ക്ക് വിധേയമാകുമെന്ന വ്യവസ്ഥ അനര്‍ഹരെ മാറ്റിനിര്‍ത്തുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.  വീടിന്റെ  സാമ്പത്തിക സ്ഥിതി, വാഹനമോ, സര്‍ക്കാര്‍ ജോലിയോ, വീടിന്റെ അവസ്ഥ എന്നിവ സ്വയം വിലയിരുത്തി എഴുതി നല്‍കിയാണ് മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.