കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ വഴിയോര വിനോദ സഞ്ചാര പദ്ധതിയായ നാലുമണിക്കാറ്റിന് 2014-ലെ ലോകസുസ്ഥിര വിനോദ സഞ്ചാര അവാര്‍ഡു ലഭിച്ചു. 85 രാജ്യങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടേയും ക്ലബുകളുടെയും അന്താരാഷ്ട്ര സംഘടനയായ സ്കാല്‍ ഇന്റര്‍നാഷണല്‍ നല്കുന്ന അവാര്‍ഡ് 26ന് മെക്സിക്കോ സിറ്റിയില്വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി അമര്‍ജിത് ലീഡര്‍ നാലുമണിക്കാറ്റിനുവേണ്ടി ഏറ്റുവാങ്ങി.
ജനകീയ ടൂറിസം എന്ന വിഭാഗത്തിലുള്ള ഈ അവാര്‍ഡ് ഇന്ത്യയിലാദ്യമായാണ് ഒരു പദ്ധതിക്ക് ലഭിക്കുന്നത്. ചെറിയ മാറ്റങ്ങള്‍ക്ക് സമൂഹത്തിലുണ്ടാക്കാനാകുന്ന വലിയ നല്ല ഫലങ്ങള്‍ക്ക് ഉദാഹരണമാണ് നാലുമണിക്കാറ്റെന്ന് അന്താരാഷ്ട്ര ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി. വന്‍കിട പദ്ധതികളേക്കാള്‍ ഇത്തരത്തിലുള്ള ജനകീയ മാതൃകകള്‍ സുസ്ഥിര വികസനം സാധ്യമാക്കും. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം, സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി സംരക്ഷണ വിഷയങ്ങളില്‍ ഒരു അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രം, തദ്ദേശീയരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതോടൊപ്പം പദ്ധതിപ്രദേശം വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്ന ബിസിനസ്സ് തന്ത്രം, സമൂഹത്തിന്റെ എല്ലാ മേഖലകളിലും പദ്ധതിക്ക് ലഭിച്ചു വരുന്ന സ്വീകാര്യത തികച്ചും നൂതനമായ ആശയം എന്നിവ നാലുമണിക്കാറ്റിന്റെ സവിശേഷതകളായി ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതുനിരത്തുകള്‍ സംരക്ഷിക്കേണ്ട ചുമതല പ്രാദേശിക സമൂഹങ്ങളുടേത് കൂടിയാണെന്ന തിരിച്ചറിവ് ഉണ്ടാക്കിയതിന്റെ തെളിവാണ് കേരളത്തില്‍ പലയിടത്തുമുള്ള അനുകരണങ്ങള്‍.
കേരള സര്‍ക്കാരിന്റെ 2013 ലെ സംസ്ഥാന ടൂറിസം അവാര്‍ഡ് നേടിയ നാലുമണിക്കാറ്റ് ഇതോടെ അന്താരാഷ്ട്ര ടൂറിസം മാപ്പില്‍ ഇടം നേടിയിരിക്കുകയാണ്. വിദേശീയരുള്‍പ്പെടെയുള്ള ടൂറിസ്റ്റുകളുടെ വരവ് വര്‍ദ്ധിക്കുമെന്ന് ഉറപ്പായിരിക്കെ അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റും വികസനം സാധ്യമാകും വിധം ടൂറിസം വകുപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് നാലുമണിക്കാറ്റ് പദ്ധതിയുടെ സംഘാടകരായ മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസ് റസിഡന്‍സ് അസോസിയേഷന് ആവശ്യപ്പെട്ടു.
മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ മണര്‍കാട് നിന്ന് 2 കി.മീ. മാറിയുള്ള നാലുമണിക്കാറ്റ് മാലിന്യപ്രശ്നത്തിനെതിരെ ഒരു ഗ്രാമത്തിന്റെ കൂട്ടായ വിജയചിഹ്നമായിരിക്കുകയാണ്. 2011 ജനുവരി 13ന് ഉദ്ഘാടനം ചെയ്യപ്പെട്ട് ഈ പദ്ധതി ഇന്ന് ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃക കൂടിയാണ്. പദ്ധതി ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍തന്നെ അന്യജില്ലകളില്‍നിന്ന് ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകള്‍ ദിനംപ്രതിയെത്തുന്ന ഒരിടമായി ഇവിടം മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: