ശബരിമല തീര്‍ത്ഥാടനം; ഭക്തര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കാനാകാതെ ദേവസ്വം ബോര്‍ഡ്

Tuesday 28 October 2014 10:29 pm IST

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനാകാതെ ദേവസ്വം ബോര്‍ഡ്. പ്രഖ്യാപനങ്ങള്‍ പാഴ് വാക്കുകളാകുമ്പോള്‍ നടപ്പാക്കേണ്ട പദ്ധതികളില്‍ ബഹുഭൂരിപക്ഷവും പൊടിപിടിച്ച് കിടക്കുകയാണ്.  തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ്.  ഇക്കുറിയും തീര്‍ത്ഥാടനം സുഗമമാവില്ലെന്നാണ് സൂചന. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി  ക്യൂ കോംപ്ലക്‌സുകള്‍ പണിയുമെന്ന പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ അന്നദാന മണ്ഡപങ്ങള്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും പാഴായി. ശരണസേതു ഉയര്‍ത്തി തീര്‍ത്ഥാടകരുടെ മടക്കയാത്രയ്ക്ക് ഉപയോഗപ്രദമാക്കുമെന്ന പ്രഖ്യാപനത്തെക്കുറിച്ച് അധികൃതര്‍ മൗനത്തിലാണ്. അപ്പം, അരവണ പ്ലാന്റുകള്‍ ഈവഴിയുടെ സമീപത്തേക്ക് മാറ്റി സ്ഥാപിക്കാനും ഒരു നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തിന് തുടക്കത്തിലേ എതിര്‍പ്പ് നേരിട്ടു. പ്രസാദമുണ്ടാക്കേണ്ടത് തിടപ്പള്ളിയിലാണെന്നും നിലവിലുള്ള സ്ഥിതി മാറ്റേണ്ടെന്നും  വാദം ഉയര്‍ന്നു. നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അപ്പം, അരവണ നിര്‍മ്മാണവും വിതരണവും കാര്യക്ഷമമാക്കി മുഖം രക്ഷിക്കാനൊരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ്.  ലക്ഷോപലക്ഷം ഭക്തര്‍ക്ക് യഥാസമയം ആവശ്യത്തിന് പ്രസാദം നല്‍കാനായാല്‍ അത് വന്‍ നേട്ടമായിരിക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. പ്രസാദ വിതരണത്തില്‍ തടസ്സം നേരിട്ടാല്‍ പ്രതിഷേധമുയരും.  ഈ അവസ്ഥമറികടക്കുന്നതിനുള്ള ശ്രമമാണ് തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള ഈ മുന്നൊരുക്കം.  ഇതിന്റെ ഭാഗമായി ദിവസം ഒന്നരലക്ഷം ടിന്‍ അരവണ ഉല്‍പ്പാദിപ്പിക്കാനാണ്  ലക്ഷ്യം.  നടതുറക്കുമ്പോള്‍ 30 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമാക്കുകയാണ് ലക്ഷ്യം. അരവണനിര്‍മ്മാണം ആരംഭിച്ചെങ്കിലും  അപ്പം നിര്‍മ്മാണം നവംബര്‍ 10ന് ശേഷമേതുടങ്ങൂ. പ്രതികൂല കാലാവസ്ഥ സന്നിധാനത്തെ മുന്നൊരുക്കങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മാലിന്യംനീക്കം ചെയ്യുന്നതിന് പോലും കനത്തമഴ തടസ്സമായിട്ടുണ്ട്. മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ നിര്‍മ്മാണവും ഇഴഞ്ഞ് നീങ്ങുന്നു. ഈ തീര്‍ത്ഥാടനക്കാലത്തിന് മുമ്പ് വലിയ നടപ്പന്തല്‍ രണ്ട് തട്ടുകളായി ഉയര്‍ത്തി കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ പരിഷ്‌ക്കരിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.