പമ്പാ സര്‍വ്വീസ്: കെഎസ്ആര്‍ടിസി പരിഷ്‌കാരം ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിനയാകും

Wednesday 29 October 2014 8:58 pm IST

കോട്ടയം: പമ്പാ സര്‍വ്വീസ് സംബന്ധിച്ച കെഎസ്ആര്‍ടിസിയുടെ പരിഷ്‌കാരം ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിനയാകും. ശബരിമല തീര്‍ത്ഥാടനക്കാലത്ത് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഇതുവരെ സ്‌പെഷ്യല്‍ സര്‍വ്വീസായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഈ തീര്‍ത്ഥാടനകാലം മുതല്‍ പമ്പാ സര്‍വ്വീസുകള്‍ സ്‌പെഷ്യല്‍ സര്‍വ്വീസായി കണക്കാക്കേണ്ടെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ തീരുമാനം. ഇത് പ്രാവര്‍ത്തികമായാല്‍ ശബരിമല തീര്‍ത്ഥാടകരുടെ യാത്ര നരകതുല്യമാകും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് തീവണ്ടികളിലും മറ്റും ദിവസങ്ങളോളം യാത്ര ചെയ്‌തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിലവില്‍ ആശ്വാസം നല്‍കുന്നത് റെയില്‍വേ സ്‌റേഷനുകളില്‍ നിന്നും മറ്റുമുള്ള കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകളാണ്. ഇതാണ് പുതിയ പരിഷ്‌കാരത്തിലൂടെ ഇല്ലാതാക്കുന്നത്. പമ്പാ സര്‍വ്വീസില്‍ സാധാരണ ഫെയര്‍ സ്റ്റേജ് നടപ്പാക്കുകയും എല്ലാ അംഗീകൃത സ്റ്റോപ്പുകളിലും നിര്‍ത്തി സാധാരണ യാത്രക്കാരെക്കൂടി ഉള്‍പ്പെടുത്തുകയും ചെയ്യണമെന്നാണ് പുതിയ തീരുമാനം. പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ പലപ്പോഴൂം മതിയായ യാത്രക്കാരില്ലാതെ സര്‍വ്വീസ് നടത്തേണ്ടി വരുന്നുണ്ടെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വാദം. പമ്പയിലേക്ക് നിറയെ അയ്യപ്പന്മാരുമായി പോകുന്ന ബസ് തിരികെ ആളില്ലാതെ സര്‍വ്വീസ് നടത്തേണ്ടി വരുന്നുണ്ടെന്നും ഈ സ്ഥിതി മാറാനാണ് സാധാരണക്കാരെക്കൂടി യാത്രയിലുള്‍പ്പെടുത്തുന്നതെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. നിലവില്‍ കോട്ടയത്തു നിന്നും പമ്പയ്ക്കു പുറപ്പെടുന്ന ബസുകളില്‍ ചങ്ങനാശേരിയ്ക്കിപ്പുറം എവിടെ ഇറങ്ങിയാലും ചങ്ങനാശേരി വരെയുള്ള ചാര്‍ജ് ഈടാക്കും. എന്നാല്‍ പുതിയ നയമനുസരിച്ച് അതത് സ്റ്റോപ്പുകളില്‍ ഇറങ്ങുന്നതിന് നിലവിലുള്ള ചാര്‍ജ്ജ് നല്‍കിയാല്‍ മതിയാകും. തീര്‍ത്ഥാടകര്‍ ഇല്ലെങ്കില്‍ മാത്രമേ സാധാരണ യാത്രക്കാരെ കയറ്റുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ എല്ലാവര്‍ക്കും യാത്രാസൗകര്യം അനുവദിച്ചശേഷം ഇത്തരത്തില്‍ യാത്രക്കാരെ തെരഞ്ഞുപിടിച്ചു കയറ്റുന്നത് തര്‍ക്കങ്ങള്‍ക്കിടയാക്കുമെന്ന് ജീവനക്കാരും പറയുന്നു. പമ്പാ സര്‍വ്വീസില്‍ തീര്‍ത്ഥാടകരെ അല്ലാതെ മറ്റു യാത്രക്കാരെ കൂടി യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ തീര്‍ത്ഥാടകര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാകും. മത്സ്യ, മാംസങ്ങളടക്കം വാങ്ങി യാത്രക്കാര്‍ ബസില്‍ കയറിയാല്‍ വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുകളുമായെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അരോചകമാകും. ഇത് പലപ്പോഴും വാക്കുതര്‍ക്കങ്ങള്‍ക്കും ഇടയാക്കാം. എല്ലാവര്‍ക്കും യാത്രചെയ്യാമെന്ന നിയമമിരിക്കെ ഇത്തരക്കാരെ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്കും കഴിയില്ല. ഫെയര്‍ സ്റ്റേജ് ലിമിറ്റ് ചെയ്തിട്ടില്ലാത്തിനാല്‍ ചെറിയ ദുരത്തിലുള്ളവരും തീര്‍ത്ഥാടകരുടെ ബസുകളില്‍ ഇടിച്ചുകയറുന്നതും ബുദ്ധിമുട്ടുണ്ടാക്കും. ചുരുക്കത്തില്‍ പമ്പാ സര്‍വ്വീസ് സ്‌പെഷ്യല്‍ സര്‍വ്വീസായി പരിഗണിക്കാതിരുന്നാല്‍ സാധാരണ യാത്രക്കാര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ അതേസമയം തന്നെ തീര്‍ത്ഥാടകര്‍ക്ക് വിനയുമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.