ചക്കുളത്തുകാവില്‍ പൊങ്കാല; ഒരുക്കങ്ങള്‍ തുടങ്ങി

Wednesday 29 October 2014 9:11 pm IST

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഡിസംബര്‍ അഞ്ചിന് നടക്കും. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന മഹോത്സവത്തിന് ക്ഷേത്ര പരിസര പ്രദേശങ്ങള്‍ കൂടാതെ തകഴി, തിരുവല്ല, കോഴഞ്ചേരി റോഡ്, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലും ഈ പ്രദേശങ്ങളിലുള്ള പൊതുനിരത്തുകളിലും ഇടവഴികളിലുമായി 70 കിലോമീറ്റര്‍ ചുള്ളളവില്‍ വരെ പൊങ്കാല അടുപ്പുകള്‍ നിരക്കും. അഞ്ചിന് പുലര്‍ച്ചെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. ദേവീ സ്തുതികളും പൂജാദ്രവ്യങ്ങളുമായി ദേവീ കടാക്ഷത്തിനായി പൊങ്കാല അര്‍പ്പിക്കും. പുലര്‍ച്ചെ നാലിന് ഗണപതിഹോമം, നിര്‍മ്മാല്യദര്‍ശനം, എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, ഒമ്പതിന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീവോലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്‌നിപകരും. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. 11ന് അഞ്ഞൂറിലധികം വേദ പണ്ഡിതന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം വഹിക്കും. തുടര്‍ന്ന് ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തോമസ്ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സീമ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നിപകരും. വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ആയിരത്തിലധികം ക്ഷേത്ര വോളന്റിയര്‍മാര്‍ നിര്‍ദേശങ്ങളുമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തും. പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യ-തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, അഗ്‌നിശമനസേന, കെഎസ്ഇബി, ജല അതോറിറ്റി, എക്‌സൈസ്, ജലഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ വിതരണവും ചികിത്സയും ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. 19നാണ് നാരീപൂജ. 26നാണ് കലശവും തിരുവാഭരണ ഘോഷയാത്രയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.