വൈദ്യുതി പ്രതിസന്ധി : പ്രതിപക്ഷം ഇറങ്ങിപ്പോയി

Monday 10 October 2011 3:22 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സഭ നിര്‍ത്തി വച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി. മുന്‍ വൈദ്യുതി മന്ത്രി എ.കെ. ബാലനാണു നോട്ടിസ് നല്‍കിയത്. ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രണത്തിലെ പിഴവു മൂലമാണു പ്രതിസന്ധി ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. രണ്ടാഴ്ചത്തേക്കു വൈദ്യുതി വകുപ്പു പാട്ടത്തിനു നല്‍കിയാല്‍ പ്രശ്നം പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ സംസ്ഥാനം കനത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരും. 816 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്തുളളപ്പോഴാണ് 500 മെഗാവാട്ടിന്‍റെ കുറവു പറഞ്ഞു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതു ന്യായീകരിക്കാനാവില്ല. പ്രതിസന്ധി ഉളളപ്പോള്‍ വൈദ്യുതി പുറത്തേക്കു വിട്ടതിന്റെ ന്യായീകരണം വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ് പല സ്ഥലങ്ങളിലും തുടരുകയാണെനും എ.കെ ബാലന്‍ പറഞ്ഞു. ഇതിന് മറുപടി പറഞ്ഞ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഏത് സ്ഥലത്ത് നിന്നും വൈദ്യുതി കിട്ടിയാലും എന്ത് വില കൊടുത്തും അത് വാങ്ങി ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കുമെന്ന് പറഞ്ഞു. കേന്ദ്രപൂളില്‍ നിന്നുളള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണു പ്രതിസന്ധിക്കു കാരണമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി നല്‍കി. ദിവസങ്ങള്‍ക്കുളളില്‍ പ്രശ്നം പരിഹരിക്കും. 580 മെഗാവാട്ട് വരെ കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായെന്നും മന്ത്രി ചൂണ്ടിക്കട്ടി. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ വൈദ്യുതി നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതേത്തുടര്‍ന്നു സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.