പട്ടികജാതി ഫണ്ട് വകമാറ്റി; പട്ടികജാതി കമ്മീഷന് പരാതി നല്‍കി

Wednesday 29 October 2014 10:36 pm IST

തിരുവനന്തപുരം : പട്ടിക വര്‍ഗ്ഗക്കാരുടെയും പട്ടികജാതിക്കാരുടെയും വികസനത്തിന് അനുവദിച്ച പണം വകമാറ്റി ചിലവഴിച്ചതിനെക്കുറിച്ചും ലാപ്‌സാക്കിയതിനെക്കുറിച്ചും സമഗ്രമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച കേരളാഘടകം ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നില്ല. കേന്ദ്രഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള ഫണ്ടുകള്‍ വകമാറ്റി ചിലവഴിച്ചിരിക്കുകയാണ്. പട്ടികജാതി വികസനത്തിനുവേണ്ടി മാറ്റിവച്ച തുകയില്‍ 2012-13 സാമ്പത്തിക വര്‍ഷം 3461 ലക്ഷവും 2013-2014 വര്‍ഷം 11397 ലക്ഷവും ചെലവഴിച്ചില്ല. പട്ടികജാതി വികസനഫണ്ട് 250 കോടി രൂപ പാലക്കാട് മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ പടടകജാതി വികസന വകുപ്പ് വകമാറ്റി ചിലവഴിച്ചിട്ടുണ്ട്. പട്ടികജാതിക്കാര്‍ക്കുള്ള നിരവധി പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കാതെ അട്ടിമറിച്ചിട്ടുള്ളത്. കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന പദ്ധതികള്‍ പൂര്‍ണമായി സ്തംഭനാവസ്ഥയിലാണ്. ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നും കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരെ അന്വേഷണം നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ എന്നിവരാണ് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.