മായ ദുഃഖമാണ്

Thursday 30 October 2014 7:55 pm IST

ശാശ്വതമായ ശാന്തി തരാന്‍ കഴിവില്ലാത്തതെന്തോ അതാണു മായ. ഇന്ദ്രിയങ്ങളെക്കൊണ്ടു ഗ്രഹിക്കുന്ന ഭൗതികവസ്തുക്കളൊന്നും നമുക്കു ശാന്തി തരാന്‍ കഴിയില്ല. അതില്‍നിന്നും ദുഃഖം മാത്രമേ കിട്ടൂ. സത്യത്തില്‍ അവയെല്ലാം സ്വപ്നംപോലെ ഇല്ലാത്തതുമാണ്. ഒരാളിനു പ്രതീക്ഷിക്കാതെ പെട്ടെന്നു ലോട്ടറി അടിച്ചു. ധാരാളം പണം കിട്ടി. അതുപയോഗിച്ച് അയാള്‍ ആ രാജ്യത്തിലെ സുന്ദരിയായ രാജകുമാരിയെ വിവാഹം കഴിച്ചു. പകുതി രാജ്യം സ്വന്തമാക്കി. ഒരുദിവസം രാജകുമാരിയും അയാളും കൂടി കുതിരപ്പുറത്തു കൊട്ടാരത്തിനടുത്തുള്ള മലയുടെ മുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു കാറ്റില്‍പ്പെട്ട് കുതിരയും യാത്രക്കാരും താഴെ വീണു. ആ വീഴ്ചയില്‍ രാജകുമാരിയും കുതിരയും മരിച്ചു. ഒരു മരച്ചില്ലയില്‍ പിടികിട്ടിയതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു. മരക്കൊമ്പില്‍നിന്നു ശ്രദ്ധിച്ചു താഴേക്കു ചാടി. താഴെ എത്തി വേഗം കണ്ണു തുറന്നു. അവിടെ വനമോ രാജകുമാരിയോ കുതിരയോ കൊട്ടാരമോ യാതൊന്നുമില്ല. സ്വന്തം കുടിലിന്റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ട്. രണ്ടുദിവസത്തെ പട്ടിണി മൂലം അയാള്‍ ക്ഷീണിച്ചു കുടിലില്‍ വന്നു കിടന്നതാണ്. തളര്‍ച്ചമൂലം പെട്ടെന്ന് മയങ്ങി. ആ പകലുറക്കത്തില്‍ക്കണ്ട വെറും സ്വപനം മാത്രമായിരിന്നു താന്‍ കണ്ടതെല്ലാം എന്ന് ഉണര്‍ന്നപ്പോള്‍ അയാള്‍ക്കു ബോദ്ധ്യമായി. രാജ്യവും രാജകുമാരിയും നഷ്ടമായതില്‍ യാതൊരു ദുഃഖവും തോന്നിയില്ല. കാരണം, അതു വെറും സ്വപ്നം മാത്രമാണെന്ന് അയാള്‍ക്കറിയാം. പക്ഷേ, സ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോള്‍ തികച്ചും യാഥാര്‍ത്ഥ്യമായിരുന്നു. അതുപോലെ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്തെന്നറിയാന്‍ കഴിയൂ. ശ്മശാനത്തിനടുത്തു താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാനോ അതുവഴി നടക്കാനോ യാതൊരു ഭയവുമില്ല. ശവം ദഹിപ്പിക്കുന്ന സ്ഥലം എന്നതില്‍ക്കവിഞ്ഞ് അവര്‍ യാതൊന്നും ചിന്തിക്കുന്നില്ല. എന്നാല്‍ ദൂരെനിന്നും വരുന്നവര്‍ക്ക് ആ വഴിയെ നടക്കാന്‍ തന്നെ പേടിയാണ്. അവര്‍ക്കതു പിശാചിന്റെ വാസസ്ഥാനമാണ്. അതിലെ രാത്രി ഒറ്റയ്ക്കു നടന്നുവരുമ്പോള്‍ കാലൊന്നു തട്ടിയാല്‍ മതി, എന്തിന് ഒരു ഓല അനങ്ങുന്നതു കണ്ടാല്‍ മതി ഭയന്നുവിറയ്ക്കും. എന്തുകണ്ടാലും അവര്‍ക്കതു പിശാചായിട്ടാണു കാണുന്നത്. ഒരു തൂണു കണ്ടാല്‍ മറുതയാണെന്നു തെറ്റിദ്ധരിച്ചു ഭ്രമിച്ചു ബോധം കെട്ടുവീഴും. ഇതുപോലെ ഇന്നു ഓരോ വസ്തുവിലുമുള്ള തെറ്റായ ആരോപംമൂലം നാം നശിച്ചുകൊണ്ടിരിക്കുകയാണ്. പാമ്പുള്ള കാട്ടില്‍കൂടി ഇരുട്ടത്തു നടന്നുപോകുമ്പോള്‍ കാലില്‍ ഒരു മുള്ളുകൊണ്ടാല്‍ പമ്പു കടിച്ചതാണെന്നു കരുതി ചിലര്‍ വീണലറാറുണ്ട്. പാമ്പു കടിച്ചാലുണ്ടാകുന്ന ലക്ഷണങ്ങളെല്ലാം നമുക്കവരില്‍ കാണാനും സാധിക്കും. വിഷവൈദ്യന്‍ വന്നു പാമ്പു കടിച്ചിട്ടില്ല എന്നു പറയുന്നതുവരെ അവര്‍ വിഷബാധയേറ്റതുപോലെയാണ്. ഇങ്ങനെയുള്ള അനേകം പേരുടെ അനുഭവം അമ്മയ്ക്കറിയാം. ഇല്ലാത്തതിനെപ്പറ്റി ചിന്തിച്ചു തളരുന്നു. ശരി കാണാനുള്ള കഴിവില്ലാത്തതുകൊണ്ടു നമ്മുടെ ഇന്നത്തെ ജീവിതവും ഇതുപോലെ മാറിയിരിക്കുന്നു. അതുകൊണ്ടാണു ഭൗതികവസ്തുക്കളുമായി ബന്ധിക്കരുതെന്നു പറയുന്നത്. അവയോടു ബന്ധം വന്നവര്‍ക്കെല്ലാം ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളൂ. അക്കാരണത്താലാണ് ഇത് മായയാണെന്നു പറയുന്നത്. എന്നാല്‍ എല്ലാറ്റിനെയും ചൈതന്യമായി ദര്‍ശിച്ചാല്‍ ദുഃഖിക്കേണ്ടതില്ല. സുഖം മാത്രമേ ഉണ്ടാവുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.