ന്യൂദല്‍ഹി: രാജ്യത്തിനു വേണ്ടി കളിക്കാതെ സമ്മാനത്തുക ലഭിക്കുന്ന ടൂര്‍ണമെന്റുകളില്‍ മാത്രം കളിക്കുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നു. ചില കായികതാരങ്ങള്‍ സമ്മാനത്തുകക്കു വേണ്ടി മാത്രം പങ്കെടുക്കുന്ന പ്രവണത ഒഴിവാക്കാന്‍ സ്പോര്‍ട്സ് മന്ത്രാലയത്തിന്റേതാണ് നിര്‍ദ്ദേശം.
രാജ്യം ആവശ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ കായിക സംഘത്തിന്റെ ഭാഗമായി കളിക്കാന്‍ തയ്യാറാകുന്ന താരങ്ങള്‍ക്ക് മാത്രം മന്ത്രാലയത്തിന്റെ സഹായധനം അനുവദിച്ചാല്‍ മതിയെന്ന് ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകള്‍ക്കും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനും അയച്ച സന്ദേശത്തില്‍ കേന്ദ്ര കായിക, യുവജനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രത്യേക കാരണങ്ങളാല്‍ കായികതാരത്തിന് കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ കാരണങ്ങള്‍ സ്പോര്‍ട്സ് ഫെഡറേഷന് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാതെ ചില മുതിര്‍ന്ന കായികതാരങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കായിക മേളകളില്‍ ലഭിക്കുന്ന മെഡലുകളുടെ എണ്ണത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: