യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടാകേന്ദ്രം അടച്ചുപൂട്ടണം: എബിവിപി

Thursday 30 October 2014 10:28 pm IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടാകേന്ദ്രം അടച്ചുപൂട്ടാന്‍ സിപിഎം തയ്യാറാകണമെന്ന് എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ. നിധീഷ്. എസ്എഫ്‌ഐ ഫാസിസത്തിനെതിരെ എബിവിപി യൂണിവേഴ്‌സിറ്റി കോളേജിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി കോളേജ് അടക്കമുള്ള കലാലയങ്ങളില്‍ ജനാധിപത്യ മര്യാദ പാലിക്കാന്‍ എസ്എഫ്‌ഐ തയ്യാറാകണം. സംസ്ഥാനത്തെ മിക്ക കോളേജുകളിലും എസ്എഫ്‌ഐയുടെ ഫാസിസം വിദ്യാര്‍ഥികള്‍ക്ക് മടുത്തുതുടങ്ങി. പഠിക്കാനുള്ള സ്വാതന്ത്ര്യം പോലും നല്‍കാത്ത എസ്എഫ്‌ഐ എന്തിനുവേണ്ടി നലകൊള്ളുന്നെന്ന് വ്യക്തമാക്കണം. കഴിഞ്ഞ പത്ത് വര്‍ഷമായി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും നിധീഷ് ആവശ്യപ്പെട്ടു. കയ്യൂക്കിന്റെ ബലത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ജനാധിപത്യവിരുദ്ധ നിലപാട് അപമാനകരമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല. അധ്യാപകര്‍ക്കുപോലും അക്രമം നേരിടേണ്ടി വന്നിട്ടുണ്ട്. ആരും പേടിച്ച് പുറത്തുപറയാറില്ല. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ പോലും എസ്എഫ്‌ഐക്കാര്‍ അട്ടിമറിക്കുന്നത് നിത്യസംഭവമാണ്. ജനാധിപത്യരീതിയില്‍ സംഘടനാപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭ്യമാക്കണം. അല്ലാത്തപക്ഷം അവരെ വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിക്കും. എസ്.എഫ്‌ഐ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന കോളേജുകളില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട് സംസാരിക്കുന്നതുപോലും വലിയ അപരാധമാണ്. അത്തരം ആളുകളാണ് ഇപ്പോള്‍ ചുംബനവിപ്ലവത്തിന് നേതൃത്വം നല്‍കുന്നത്. കലാലയങ്ങളിലെ എസ്എഫ്‌ഐയുടെ ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും നിധീഷ് പറഞ്ഞു. മാര്‍ച്ച് എജീസ് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. എബിവിപി ജില്ലാ കണ്‍വീനര്‍ മനുപ്രസാദ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ്പ്രസിന്റ് ഡോ. പി.പി. ബാവ, ബിജെപി ദേശീയ സമതി അംഗം കരമന ജയന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സമതി അംഗം തിരുമല അനില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് കണ്‍വീനര്‍മാരായ അഖില്‍, വിനു, ജില്ലാ ഭാരവാഹികളായ ശബരി, അരുണ്‍, വിഷ്ണു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.