സിഖ് വിരുദ്ധ കലാപം: കൊല്ലപ്പെട്ട 3325 പേരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം

Thursday 30 October 2014 10:57 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന 1984ലെ സിഖുവിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതുവരെ പലപ്പോഴായി ലഭിച്ച നഷ്ടപരിഹാരത്തിനു പുറമേയാണ് ഈ തുക ലഭിക്കുക. 3325 പേരുടെ ബന്ധുക്കള്‍ക്ക് അടുത്ത ആഴ്ച മുതല്‍ തുക കൈമാറിത്തുടങ്ങുമെന്ന് ഉന്നതകേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിരവധി സിഖ് സംഘടനകളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സിഖുവിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട 3325പേരില്‍ 2733പേര്‍ ദല്‍ഹിയിലും മറ്റുള്ളവര്‍ ഉത്തര്‍പ്രദേശ്,ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലുമായിരുന്നു. സര്‍ക്കാരും വിവിധ എന്‍ജിഒകളും നല്‍കിയ നഷ്ടപരിഹാരത്തിനു പുറമേ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിനായി 166 കോടി രൂപ ആവശ്യമാണ്. 2006ല്‍ യുപിഎ സര്‍ക്കാര്‍ കലാപത്തിനിരയായവര്‍ക്കാരിയ 717 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മരിച്ചവര്‍ക്കായി 3.5ലക്ഷം രൂപ വീതവും വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കി. ഏകദേശം 517 കോടി രൂപയോളം ഇതിനകം ഈയിനത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു. ശേഷിക്കുന്ന 200 കോടി രൂപ അവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് വിതരണം ചെയ്യാത്തത്. 2005ല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് സിഖ് വിരുദ്ധ കലാപത്തിന്റെ പേരില്‍ രാജ്യത്തെ സിഖു സമൂഹത്തോട് മാപ്പുപറഞ്ഞിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കലാപത്തില്‍ പങ്കുണ്ടായിരുന്നെന്ന് പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അഭിമുഖത്തില്‍ സമ്മതിച്ചു. കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ഷെട്ടാര്‍ അടക്കമുള്ള നേതാക്കള്‍ കലാപകേസുകളില്‍ പ്രതികളാണ്. രാജ്യത്തെ കലാപങ്ങളിലും ഭീകരാക്രമണങ്ങളിലും മാവോയിസ്റ്റ് ആക്രമണങ്ങളിലും കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്ഥിരമായ അംഗവൈകല്യത്തിനിരയാകുന്നയാളുടെ അവകാശിക്ക് 3 ലക്ഷം രൂപയും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.