ദാവൂദിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ ഐ.എസ്.ഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്

Monday 10 October 2011 1:00 pm IST

ന്യൂദല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും പാക് ചാരസംഘടനയയ ഐ.എസ്.ഐയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു. ദാവൂദിന്റെ മകന്‍ മൊയിന്‍ നവാസിന്റെ വിവാഹ സത്കാരച്ചടങ്ങില്‍ ഐ.എസ്.ഐയുടെ മൂന്നു വിഭാഗങ്ങളുടെയും ഉന്നതര്‍ പങ്കെടുത്തെന്നാണ് വിവരം. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്.ഒ.ജി), ജോയിന്റ് ഇന്റ്ലിജന്‍സ് ബ്യൂറോ (ജെ.ഐ.ബി), എക്സ്റ്റേണല്‍ ഇന്റലിജന്‍സ് വിങ് എന്നിവയുടെ മേധാവികളാണ് ദാവൂദിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തത്. പാക് ആര്‍മിയിലെയുംസുരക്ഷാ വിഭാഗങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ജെ.ഐ.ബി ബ്രിഗേഡിയര്‍ റഷീദ് ഹുസൈന്‍ ഷാഹിദ്, എസ്.ഒ.ജി കേണല്‍ അഷ് വാക് അഹമ്മദ്, മേജര്‍ സാദിക് ഖാന്‍, എക്സ്റ്റേണല്‍ ഇന്റലിജന്‍സ് വിങ്ങിലെ കേണല്‍ റഹ്മാന്‍ റഷീദ്, ലെഫ്. റഷീദുള്ള ഖാന്‍, പാക് റെയ്ഞ്ജര്‍ ഓഫിസര്‍മാരായ ലെഫ്. കേണല്‍ ഷൂജ ഉല്‍ പാഷ, ലെഫ്. കേണല്‍ അസറുദ്ദിന്‍ രഹം എന്നിവരാണിവര്‍. ദാവൂദിനെ കൈമാറണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇയാള്‍ രാജ്യത്തില്ലെന്നാണ് പാക് വാദം.