സ്കൂള്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കും

Monday 10 October 2011 1:25 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു‍. ചാന്നാങ്കര സ്കൂള്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണിത്. സ്കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.എസ് ശിവകുമാര്‍. സുരക്ഷ ഉറപ്പു വരുത്താന്‍ മോട്ടോര്‍ വാഹനം, വിദ്യാഭ്യാസം, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത സ്ക്വാഡ് രൂപീകരിക്കും. ഇതിനു കലക്ടര്‍, ആര്‍.ടി.ഒ, എസ്.പി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന പരിചയത്തിന്റെ കാര്യത്തില്‍ നിബന്ധനകള്‍ കര്‍ശനമാക്കും. ഹെവി വാഹനങ്ങള്‍ ഓടിച്ച് അഞ്ചു വര്‍ഷത്തെ പരിചയവും ഡ്രൈവിങ്ങില്‍ പത്തു വര്‍ഷത്തെ അനുഭവവും വേണം. കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ സൂപ്പര്‍ ഫാസ്റ്റുകളെയും സൂപ്പര്‍ എക്സ്പ്രസുകളെയും ഉപയോഗിച്ച് നാഷനല്‍ ഹൈവേകളിലുളള ബസ് സ്റ്റേഷന്‍ വഴിയാകും സര്‍വീസ് ആരംഭിക്കുകയെന്നും മന്ത്രി രേഖാമൂലം മറുപടി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.