റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസിന്റെ അപരാജിത കുതിപ്പിന് വിരാമമായി. ഇന്നലെ പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ ഗനോവയാണ് ജുവന്റസിനെ അട്ടിമറിച്ചത്. ലീഗില്‍ ഈ സീസണിലെ ജുവന്റസിന്റെ ആദ്യ തോല്‍വിയാണിത്. ഇഞ്ചുറി സമയത്ത് ലൂക്കാ അന്റോനിനിയാണ് ജുവന്റസിന്റെ ഹൃദയം പിളര്‍ത്തിയ ഗോള്‍ നേടിയത്. ജുവന്റസിന് വേണ്ടി 500-ാം മത്സരം കളിക്കാനിറങ്ങിയ സൂപ്പര്‍ ഗോളി ബഫണിനും ഈ പോരാട്ടം നിരാശയുടേതായി.
മറ്റൊരു കളിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെസെനയെ പരാജയപ്പെടുത്തി റോമ പോയിന്റ് നിലയില്‍ ജുവന്റസിനൊപ്പമെത്തി. റോമക്കായി ഡെസ്ട്രോയും ഡി റോസ്സിയുമാണ് ഗോളുകള്‍ നേടിയത്. ഇരു ടീമുകള്‍ക്കും 9 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 പോയിന്റ് വീതമാണുള്ളത്.
മറ്റ് മത്സരങ്ങളില്‍ ഇന്റര്മിലാന് 1-0ന് സാംപദോറിയയെയും ഫിയോറന്റീന 3-0ന് ഉദിനെസെയെയും പലേര്‍മോ മറുപടിയില്ലാത്ത ഒരു ഗോളിന് ചീവോയെയും ടോറിനോ ഇതേ സ്കോറിന് പാര്‍മയെയും പരാജയപ്പെടുത്തിയപ്പോള്‍ എസി മിലാന് കാഗ്ലിയാരി മത്സരവും അറ്റ്ലാന്റ-നപ്പോളി പോരാട്ടവും 1-1ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: