ജന്മദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ദാര്‍ പട്ടേലിനെ 'കൊന്നു'

Friday 31 October 2014 6:30 pm IST

കൊച്ചി: സര്‍ദ്ദാര്‍ വല്ലഭ് ഭായ് പട്ടേലിനെ ഇത്രനാളും തമസ്‌കരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും പട്ടേലിനെ ജന്മദിനത്തില്‍ 'കൊന്നു.' കോണ്‍ഗ്രസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ സോഷ്യല്‍ മീഡിയാ പേജില്‍ (ഫേസ്ബുക്ക്) ഇന്ന് പട്ടേലിന്റെ ചരമദിനമാണെന്ന് അറിയിപ്പും ആദരാഞ്ജലിയും. ''സ്വാതന്ത്ര്യസമര പോരാളിയും ഉപപ്രധാനമന്ത്രിയും ആദ്യത്തെ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ചരമദിനമാണിന്ന്. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന ആ ധീരദേശാഭിമാനിയുടെ ഓര്‍മ്മകള്‍ എന്നും നമ്മെ ആവേശഭരിതരാക്കട്ടെ'' എന്ന് പട്ടേലിന്റ ചിത്രവും ചേര്‍ത്ത് ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടു. ഒരു മണിക്കൂറിനിടെ ഒട്ടേറെപ്പേര്‍ പ്രതികരിച്ചുകഴിഞ്ഞാണ് ജന്മദിനം ചരമദിനമാക്കി പട്ടേലിനെ വീണ്ടും അപമാനിച്ചകാര്യം അധികൃതര്‍ തിരിച്ചറിഞ്ഞത്. പെട്ടെന്ന് ചരമദിനം ജന്മദിനമാക്കി മാറ്റി തിരുത്തി. എന്നാല്‍ ആദ്യം സംഭവിച്ച ഗുരുതരമായ തെറ്റിന് ഖേദിക്കാനോ ക്ഷമാപണം നടത്താനോ മുഖ്യമന്ത്രി തയ്യാറായില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും കോണ്‍ഗ്രസിന്റെ സര്‍ക്കാരുകളും അവഗണിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഏകതാദിനമായി ആഘോഷിക്കുകയായിരുന്നു. ഇതില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ് നേതാക്കളെ ബിജെപി തട്ടിയെടുക്കുന്നുവെന്ന് ആരോപണമുയര്‍ത്തി. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെപ്പോലുള്ളവര്‍ മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി. ഇതിനിടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ പേജില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, പറ്റിയത് അബദ്ധമാണെങ്കിലും അതില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകാത്തതാണ് ഏറെ ഗുരുതരമായ കാര്യം. മുഖ്യമന്ത്രി നേരിട്ടല്ല ചുമതലപ്പെടുത്തിയവരാണ് ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതെന്നാണ് വിശദീകരണം. എന്നാല്‍ ഉത്തരവാദിത്തബോധമുള്ളവര്‍ സോഷ്യല്‍ മീഡിയകളില്‍ ആ വിവരം രേഖപ്പെടുത്താറുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പേജില്‍ അങ്ങനെ അറിയിപ്പില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.