വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പോലീസ് വെടിവയ്പ്

Monday 10 October 2011 4:49 pm IST

കോഴിക്കോട്: കോഴിക്കോട്ട് എഞ്ചിനീയറിങ് കോളേജില്‍ എസ്.എഫ്.ഐയുടെ മാര്‍ച്ചിന് നേരെ പോലീസ് വെടിവച്ചു. അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധകൃഷ്‌ണ പിള്ളയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നാല് റൌണ്ട് വെടിയുതിര്‍ത്തത്. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.ബിജുവിന് സാരമായി പരിക്കേറ്റു. സ്വാശ്രയ കോളേജില്‍ പ്രവേശനം നേടിയ നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിയെ കോഴിക്കോട് എഞ്ചിനീയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററില്‍ പ്രവേശിപ്പിച്ചതിനെതിരെയായിരുന്നു എസ്.എഫ്.ഐയുടെ സമരം. പി.ബിജു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു അക്രമത്തിന്റെ തുടക്കം. നിര്‍മ്മല്‍ മാധവ് ക്ലാസിലുണ്ടെന്ന് അറിഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിതമായി പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ലാത്തിച്ചാര്‍ജും ഗ്രനേഡും പ്രയോഗിക്കുന്നതിനെതിരെ നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ള റിവോള്‍വര്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. എന്നാല്‍ ഈ വെടിവയ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു വെടിവച്ചതെന്നായിരുന്നു രാധാ‍കൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സ്ഥലത്ത് സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയില്‍ തഹസില്‍ദാരെ അയച്ചിരുന്നതായും അസിസ്റ്റന്റ് കമ്മിഷണര്‍ പറഞ്ഞതിനെക്കുറിച്ച് തഹസില്‍ദാരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും ജില്ലാകളക്ടര്‍ പ്രതികരിച്ചു. വെടിവച്ച അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരെ നടപടി വേണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവയ്പ്പ് നടത്താനുള്ള സാഹചര്യം സ്ഥലത്തില്ലായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ബിജുവടക്കം ഇരുപത് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രതിഷേധ പ്രകടനം നടത്തി. ഒരു മണിക്കൂര്‍ നീണ്ട തെരുവ് യുദ്ധമാണ് വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളേജിന് മുന്നില്‍ അരങ്ങേറിയത്.